തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ നീന്തൽക്കുളത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല ഓവറോൾ കിരീടം നേടി. 13 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 763 പോയിന്റ് നേടിയാണ് കോട്ടയം ഒന്നാംസ്ഥാനം നേടിയത്. 664 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 254 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 25 മുതൽ 85 വയസ് വരെയുള്ളവർ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. രണ്ടുദിവസമായി നടന്ന മത്സരത്തിൽ വിവിധ ജില്ലകളിൽനിന്നായി നൂറ്റമ്പതോളം പേർ പങ്കെടുത്തു.
വിജയികൾ ഒക്ടോബർ 18 മുതൽ 20 വരെ ഉത്തർപ്രദേശിലെ ലക്നോയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. സമാപനസമ്മേളനത്തിൽ കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് ഡോ. എ. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക്അദ്ദേഹം ട്രോഫികൾ സമ്മാനിച്ചു. പി.പി. സുധീർ അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ്, എം.ടി.പി. ഫുദ്ദീൻ, കെ.പി. മോഹനൻ, പി.പി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
മാസ്റ്റേഴ്സ് നീന്തലിൽ കോട്ടയത്തിനു കിരീടം
12:55 AM Sep 23, 2019 | Deepika.com