യെകാർതെറിൻബർഗ് (റഷ്യ): പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ അമിത് പംഗലും മനീഷ് കൗശികും 2020 ഒളിന്പിക്സ് യോഗ്യത പോരാട്ടത്തിന് ടിക്കറ്റ് സ്വന്തമാക്കി. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് സെമിയിൽ പ്രവേശിച്ചാണ് ഇരുവരും യോഗ്യത സ്വന്തമാക്കിയത്. സെമിയിൽ പക്ഷേ, ഇരുവരും പരാജയപ്പെട്ടെങ്കിലും വെങ്കലം ലഭിച്ചു.
പുരുഷ വിഭാഗം 52 കിലോഗ്രാം പോരാട്ടത്തിലാണ് അമിത് വെങ്കലം കരസ്ഥമാക്കിയത്. സെമിയിൽ പ്രവേശിച്ചപ്പോൾ മെഡൽ ഉറപ്പാക്കിയിരുന്നു. മനീഷ് 63 കിലോഗ്രാം വിഭാഗത്തിലാണ് സെമിയിൽ പരാജയപ്പെട്ട് വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടത്. ഇരുവരും ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്നത് ആദ്യമായാണ്. രണ്ട് ഇന്ത്യൻ താരങ്ങൾ ഒന്നിച്ച് ലോക ചാന്പ്യൻഷിപ്പ് മെഡൽ നേടുന്നതും ആദ്യമാണ്.
ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ആണ് അമിത്തും മനീഷും ഒളിന്പിക്സ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയ വിവരം ഇന്നലെ പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിൽ ചൈനയിലാണ് ഒളിന്പിക് ക്വാളിഫയർ പോരാട്ടം.
വെങ്കലത്തിൽ അമിത്, മനീഷ്
11:26 PM Sep 19, 2019 | Deepika.com