ഓവൽ: ഇത്തവണത്തെ ആഷസ് പരന്പര 2-2 സമനിലയായതോടെ അപൂർവമായ മറ്റൊരു റിക്കാർഡും പിറന്നു. പരന്പര സമനിലയായെങ്കിലും കഴിഞ്ഞ തവണത്തെ ജേതാക്കളായ ഓസ്ട്രേലിയ കിരീടം നിലനിർത്തി.
1972ന് ശേഷം ആദ്യമായാണ് ഒരു ആഷസ് പരന്പര സമനിലയിലായിരിക്കുന്നത്. ആഷസിന്റെ ചരിത്രത്തിൽ ഇതുവരെ ആറു പരന്പരകൾ മാത്രമാണ് സമനിലയിൽ കലാശിച്ചിട്ടുള്ളത്. 1972നുശേഷം ഓസ്ട്രേലിയ 14ഉം ഇംഗ്ലണ്ട് 10ഉം തവണ ആഷസ് സ്വന്തമാക്കി. 1989 മുതൽ 2002 വരെ തുടർച്ചയായി എട്ട് ആഷസ് പരന്പര സ്വന്തമാക്കി ഓസീസ് റിക്കാർഡിട്ടിരുന്നു.
റിക്കാർഡ് കമ്മിൻസ്
ഒരു ആഷസ് പരന്പരയിൽ ഒരിന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടമില്ലാതെ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന റിക്കാർഡ് ഓസ്ട്രേലിയ യുടെ പാറ്റ് കമ്മിൻസ് സ്വന്തമാക്കി. 42 വർഷം മുന്പ് ഓസീസ് പേസ് ബൗളർ വെയ്ൻ ക്ലാർക്ക് സ്ഥാപിച്ച റിക്കാർഡ് പഴങ്കഥയായി. 1977-78 ആഷസ് പരന്പരയിൽ 28 വിക്കറ്റാണ് അഞ്ച് വിക്കറ്റ് പ്രകടനമില്ലാതെ വെയ്ൻ വീഴ്ത്തിയത്. ഇത്തവണ അഞ്ച് ടെസ്റ്റുകളുള്ള പരന്പരയിൽനിന്ന് കമ്മിൻസ് നേടിയത് 29 വിക്കറ്റുകൾ. ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനാണ് കമ്മിൻസ്.
ഓസീസ് ഇതിഹാസമായ ഗ്ലെൻ മഗ്രാത്തിനുശേഷം ഒരു വിദേശ പരന്പരയിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റിക്കാർഡും കമ്മിൻസ് സ്വന്തമാക്കി. 2001ൽ ഇംഗ്ലണ്ടിൽവച്ച് ഓസ്ട്രേലിയ ആഷസ് നേടിയപ്പോൾ മഗ്രാത്ത് 32 വിക്കറ്റ് വീഴ്ത്തിയിരുന്നു. അന്നാണ് ഓസ്ട്രേലിയ അവസാനമായി ഇംഗ്ലണ്ടിൽ ആഷസ് സ്വന്തമാക്കിയത്.
ആഷസിൽ അപൂർവ റിക്കാർഡ്
10:56 PM Sep 16, 2019 | Deepika.com