പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പാരീ സാൻ ഷെർമയ്നായി ഈ സീസണിലെ ആദ്യ മത്സരത്തിനായി കളത്തിലെത്തിയ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ ക്ലബ് ആരാധകർ കൂവിവിളിച്ചാണ് വരവേറ്റത്. പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ നെയ്മറിന്റെ പേര് കേട്ടതുമുതൽ പിഎസ്ജിയുടെ ആരാധകർ കൂവൽ തുടങ്ങി. മത്സരത്തിന്റെ 90 മിനിറ്റും നെയ്മറിനെ പരമാവധി അപമാനിച്ച പിഎസ്ജി ആരാധകർക്ക് പക്ഷേ, ഒടുവിൽ കൈ അടിക്കേണ്ടിവന്നു. ഇഞ്ചുറി ടൈമിൽ നെയ്മർ നേടിയ ഉജ്വലമായൊരു ബൈസിക്കിൾ ഗോളിലായിരുന്നു പിഎസ്ജി സ്വന്തം തട്ടകത്തിൽവച്ച് 1-0ന് സ്ട്രാസ്ബർഗിനെ തോൽപ്പിച്ചത്.
ഈ സീസണിൽ നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അതുണ്ടായില്ല.
90 മിനിറ്റും ഗോൾ നേടാൻ സാധിക്കാതിരുന്ന പിഎസ്ജിക്കായി ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ നെയ്മർ വലകുലുക്കി. അബ്ഡോ ഡിയാല്ലോയുടെ ക്രോസിൽനിന്നായിരുന്നു നെയ്മറിന്റെ ബൈസിക്കിൾ ഗോൾ. പിഎസ്ജി 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.
എല്ലാവരും എനിക്കെതിരേ കൂവുന്നത് ഇതാദ്യമല്ല. ഇനി മുതൽ കളിക്കുന്ന എല്ലാ മത്സരങ്ങളും എവേ പോരാട്ടങ്ങളായിരിക്കുമെന്ന് എനിക്ക് അറിയാം- നെയ്മർ പറഞ്ഞു.
നെയ്മറിന്റെ ബൈസിക്കിൾ ഗോൾ, കാണികളുടെ കൂവൽ
12:22 AM Sep 16, 2019 | Deepika.com