ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയിൽ ഈ സീസണിൽ എത്തിയ പതിനാറുകാരനായ അൻസു ഫാതി തന്റെ ബ്രില്യൻസ് തുടരുന്നു. ലാ ലിഗയിൽ വലൻസിയയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഫാതി ഗോൾ നേടി. അഞ്ച് മിനിറ്റിനുശേഷം ഫ്രാങ്കി ഡി ജോംഗിനു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
ലാ ലിഗ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഗോൾ നേടുകയും ഗോളിനു വഴിയൊരുക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇതിലൂടെ ഫാതി സ്വന്തമാക്കി. മത്സരത്തിൽ ബാഴ്സലോണ 5-2നാണ് ജയിച്ചത്. ലൂയിസ് സുവാരവ് (61, 82 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ ജെറാർഡ് പിക്വെ (51-ാം മിനിറ്റ്) സ്വന്തമാക്കി. പരിക്കേറ്റ് വിശ്രമത്തിലുള്ള ലയണൽ മെസി കളത്തിലിറങ്ങിയില്ല. കഴിഞ്ഞ മാസം ഒസാസുനയ്ക്കെതിരായ എവേ മത്സരത്തിലും ഫാതി ബാഴ്സയ്ക്കായി ഗോൾ നേടിയിരുന്നു.
ലീഗിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് എവേ പോരാട്ടത്തിൽ റയൽ സോസിഡാഡിനോട് 2-0നു പരാജയപ്പെട്ടു. ഒന്പത് പോയിന്റുമായി ലീഗിൽ ഒന്നാമതുള്ള അത്ലറ്റിക്കോയുടെ ആദ്യ തോൽവിയാണിത്.
ബാഴ്സയിൽ വീണ്ടും അൻസു ഫാതി മാജിക്
12:22 AM Sep 16, 2019 | Deepika.com