വിയറ്റ്നാം ഓപ്പണ്‍ ബിഡബ്ല്യുഎഫ് ടൂർ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സൗരഭ് വർമ ഫൈനലിൽ. സെമിയിൽ ജാപ്പനീസ് താരം മിനൗറു കോഗയെ കീഴടക്കിയാണ് സൗരഭ് കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. രണ്ടാം സീഡുകാരനായ ഇന്ത്യൻ താരം 22-20, 21-15നായിരുന്നു സെമിയിൽ വെന്നിക്കൊടി പാറിച്ചത്. മത്സരം 51 മിനിറ്റ് നീണ്ടു. ഇന്നു നടക്കുന്ന ഫൈനലിൽ ചൈനയുടെ സണ്‍ ഫീ സിയാങ് ആണ് സൗരഭിന്റെ എതിരാളി.
ടൂർണമെന്റിൽ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് സൗരഭ് ഫൈനലിൽ പ്രവേശിച്ചത്. ലോക 38-ാം റാങ്കുകാരനായ സൗരഭിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. രണ്ടാം റൗണ്ടിൽ ജപ്പാന്റെ കൊഡായ് നറോകയെ 22-20, 22-20നു കീഴടക്കി. പ്രീ ക്വാർട്ടറിലും ശക്തമായ പോരാട്ടത്തിനൊടുവിൽ 25-23, 24-22നായിരുന്നു സൗരഭിന്റെ ജയം.
സൗരഭ് വർമ ഫൈനലിൽ
11:15 PM Sep 14, 2019 | Deepika.com