ടെഹ്റാൻ: 20-ാമത് ഏഷ്യൻ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് അട്ടിമറി ജയം. പൂൾ സിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ കസാക്കിസ്ഥാനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചു. ലോക 131-ാം റാങ്കുകാരായ ഇന്ത്യ 39-ാം റാങ്കിലുള്ള കസാക്കിസ്ഥാനെ നിഷ്പ്രഭമാക്കുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. അഞ്ച് സെറ്റ് ത്രില്ലർ പോരാട്ടത്തിൽ 31-29, 25-14, 28-30, 18-25, 15-9നായിരുന്നു ഇന്ത്യയുടെ ജയം.
രണ്ടാം സീഡുകാരായ കസാക്കിസ്ഥാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ആദ്യ സെറ്റിൽ ഇന്ത്യ 31-29ന് കീഴടക്കി. രണ്ടാം സെറ്റ് ഇന്ത്യ ഏകപക്ഷീയമായി നേടിയെങ്കിലും മൂന്നാം സെറ്റിൽ എതിരാളികൾ തിരിച്ചടിച്ചു. നാലാം സെറ്റിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. എന്നാൽ, നിർണായകമായ അഞ്ചാം സെറ്റിൽ ഇന്ത്യ കളം നിറഞ്ഞതോടെ കസാക്കിസ്ഥാൻ നിലംപരിശായി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ചൈനയാണ്. ലോക 20-ാം റാങ്കുരാണ് ചൈന. ഇന്നലെ നടന്ന മത്സരത്തിൽ ചൈന 3-1ന് ഒമാനെ കീഴടക്കി. ഗ്രൂപ്പ് ബിയിൽ ജപ്പാൻ 3-0നു ഹോങ്കോംഗിനെയും ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ 3-2ന് ഖത്തറിനെയും പരാജയപ്പെടുത്തി.
ഏഷ്യൻ വോളി : ഇന്ത്യക്ക് അട്ടിമറി ജയം
11:47 PM Sep 13, 2019 | Deepika.com