വിൽനിയസ് (ലിത്വാനിയ): ഫുട്ബോൾ ലോകത്തെ റിക്കാർഡുകൾ ഓരോന്നും സ്വന്തമാക്കുന്ന റൊണാൾഡോ യൂറോപ്പിലെ അപൂർവമായൊരു നേട്ടം സ്വന്തമാക്കി. 150 വ്യത്യസ്ത എതിരാളികൾക്കെതിരേ ഗോൾ നേടുക എന്ന അപൂർവതയാണ് പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയത്. 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ലിത്വാനിയയ്ക്കെതിരായ നാലു ഗോൾ പ്രകടനത്തോടെയായിരുന്നു അത്. ക്ലബ്ബിനുവേണ്ടിയാണെങ്കിലും രാജ്യത്തിനുവേണ്ടിയായാലും സൂപ്പർ സ്റ്റാർ എന്നും താനായിരിക്കുമെന്ന് അതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അടിവരയിട്ടു. ക്ലബ്, രാജ്യാന്തര പോരാട്ടങ്ങളിലാണ് 150 എതിരാളികൾക്കെതിരേ റൊണാൾഡോ ഗോൾ നേടി ചരിത്രം കുറിച്ചത്.
ഹാട്രിക് സിആർ 7
ലിത്വാനിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് കീഴടക്കിയ മത്സരത്തിൽ റൊണാൾഡോ നാല് തവണ പോർച്ചുഗലിനായി വലകുലുക്കി. ഏഴ് (പെനൽറ്റി), 61, 65, 76 മിനിറ്റുകളിലായിരുന്നു അത്. വില്യം കാർവാലൊ (90+2-ാം മിനിറ്റ്) ആയിരുന്നു പറങ്കികളുടെ അഞ്ചാം ഗോൾ നേടിയത്. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവിലെ യൂറോപ്യൻ ചാന്പ്യന്മാരായ പോർച്ചുഗൽ. അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുള്ള യുക്രെയ്ൻ ആണ് ഒന്നാമത്.
മുപ്പത്തിനാലുകാരനായ റൊണാൾഡോ രാജ്യത്തിനായി നേടുന്ന എട്ടാമത് ഹാട്രിക്കാണ്, ഫുട്ബോൾ കരിയറിലെ 54-ാമത്തേതും. റൊണാൾഡോയുടെ രാജ്യാന്തര ഗോൾ സന്പാദ്യം ഇതോടെ 93 ആയി. രാജ്യാന്തര പോരാട്ടങ്ങളിൽ ഏറ്റവും അധികം ഗോൾ നേടിയതിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ. 109 ഗോൾ നേടിയ ഇറാന്റെ മുൻ താരം അലി ഡേയിയുടെ പേരിലാണ് ലോക റിക്കാർഡ്. ഹംഗറിയുടെ മുൻ താരമായ ഫെറെൻസ് പുഷ്കാസ് (84 ഗോൾ) ആണ് മൂന്നാം സ്ഥാനത്ത്.
റോബീ കീനിനെ മറികടന്നു
യൂറോപ്യൻ യോഗ്യതാ റൗണ്ടുകളിലായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റിക്കാർഡും ലിത്വാനിയയ്ക്കെതിരായ നാല് ഗോൾ പ്രകടനത്തിലൂടെ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു, 27 ഗോൾ. റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ മുൻ താരമായിരുന്നു റൊബീ കീനിന്റെ (25 ഗോൾ) പേരിലായിരുന്ന റിക്കാർഡാണ് റൊണാൾഡോ തിരുത്തിയത്.
എനിക്ക് തോന്നുന്നു നിങ്ങൾക്ക് ആവശ്യത്തിലധികം റിക്കാർഡുകൾ സ്വന്തം പേരിലുണ്ട്, ഇത് ഉപേക്ഷിച്ചേക്കൂ- ലിത്വാനിയയ്ക്കെതിരായ മത്സരത്തിനു മുന്പ് റോബീ കീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച തമാശയാണിത്.
യൂറോപ്യൻ യോഗ്യത, ഫൈനൽസ് പോരാട്ടങ്ങളിൽ റൊണാൾഡോയ്ക്ക് 34 ഗോളുകൾ ഉണ്ട്. ഫൈനൽസിൽ റൊണാൾഡോ ഒന്പത് ഗോൾ നേടി ഫ്രഞ്ച് മുൻ താരം മിഷേൽ പ്ലാറ്റീനിക്കൊപ്പം റിക്കാർഡ് പങ്കിടുകയാണ് പോർച്ചുഗീസ് താരം.
റൊണാൾഡോ ദ ഗ്രേറ്റ്
11:11 PM Sep 12, 2019 | Deepika.com