കോൽക്കത്ത: ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ മലയാളികൾ തരംഗം സൃഷ്ടിക്കുന്നു. 22 വർഷത്തിനുശേഷം കേരളത്തിൽനിന്നൊരു ക്ലബ് (ഗോകുലം കേരള എഫ്സി) ഡ്യൂറൻഡ് കപ്പ് ഫൈനലിൽ പ്രവേശിച്ചതിനു പിന്നാലെ മലയാളി താരത്തിന്റെ കരുത്തിൽ ബംഗാൾ ക്ലബ്ബായ മോഹൻ ബഗാനും കിരീട പോരാട്ടത്തിന്.
രണ്ടാം സെമിയിൽ പാലക്കാടുകാരനായ വി.പി. സുഹൈറിന്റെ ഇരട്ട ഗോളിൽ മോഹൻ ബഗാൻ 3-1ന് റിയൽ കാഷ്മീരിനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലായിരുന്നു സുഹൈറിന്റെ ഇരട്ട ഗോളെന്നതാണ് മോഹൻ ബഗാനെ പാലക്കാടൻ ബഗാനാക്കി മാറ്റുന്നത്. ബഗാനുവേണ്ടി പകരക്കാരനായി കന്നി മത്സരത്തിനെത്തി സുഹൈർ ടീമിന്റെ ഹീറോ ആയി.
ഇതോടെ നാളെ നടക്കുന്ന ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ഗോകുലം കേരള എഫ്സിയും മോഹൻ ബഗാനും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കിരീട പോരാട്ടം. ഈസ്റ്റ് ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിലൂടെ സെമിയിൽ കീഴടക്കിയ ഗോകുലത്തെ മറികടന്ന് 17-ാം ഡ്യൂറൻഡ് കപ്പാണ് ബഗാൻ ലക്ഷ്യംവയ്ക്കുന്നത്. ചിരവൈരികളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും 16 കിരീടവുമായി നിലവിൽ ഒപ്പത്തിനൊപ്പമാണ്.
ഈസ്റ്റ് ബംഗാൾ x ഗോകുലം കേരള സെമിക്ക് സമാനമായ സംഭവങ്ങളാണ് നിശ്ചിത സമയത്ത് ഇന്നലെയും നടന്നത്. 42-ാം മിനിറ്റിൽ സ്പാനിഷ് താരമായ സാൽവ കാമറോയിലൂടെ മോഹൻ ബഗാൻ മുന്നിൽ കടന്നു. ഗുർജിന്ദർ കുമാറിന്റെ പാസിൽനിന്നായിരുന്നു സാൽവഡോർ പെരെസ് മാർട്ടിനസ് എന്ന കാമറോ വലകുലുക്കിയത്. ജയമുറപ്പിച്ച് ബഗാനെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഐവറികോസ്റ്റ് താരമായ ഗ് നോഹിയർ ക്രിസോയിലൂടെ റിയൽ കാഷ്മീർ ഒപ്പം പിടിച്ചു.
സുഹൈർ സ്റ്റാർ
എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പോൾ മോഹൻ ബഗാൻ ആക്രമണങ്ങൾ അഴിച്ചുവിട്ടു. 110-ാം മിനിറ്റിൽ സുഹൈറിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എന്നാൽ, 112-ാം മിനിറ്റിൽ സുഹൈർ മോഹൻ ബഗാനെ 2-1ന് മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റിൽ ഫ്രാൻസിസ്കോ ഗോണ്സാലെസിന്റെ പാസിൽനിന്ന് രണ്ടാം വട്ടവും സുഹൈർ വലകുലുക്കി. അതോടെ 3-1ന്റെ ജയത്തോടെ മോഹൻ ബഗാൻ ഫൈനലിൽ.
സുഹൈർ Vs ഗോകുലം
പാലക്കാടുകാരനായ വി.പി. സുഹൈർ എന്ന ഇരുപത്തേഴുകാരൻ ഗോകുലം കേരളയിൽനിന്ന് ഈ വർഷം ആദ്യമാണ് മോഹൻ ബഗാനിലെത്തിയത്. അതും ലോണ് വ്യവസ്ഥയിൽ. ബഗാനായി കന്നി മത്സരത്തിനിറങ്ങി ടീമിനെ ജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് താരം.
സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുള്ള സുഹൈർ 2018-19 സീസണിൽ ഗോകുലത്തിനായി 18 മത്സങ്ങളിൽ ബൂട്ട് കെട്ടിയെങ്കിലും ഒരു ഗോൾ മാത്രമാണ് നേടിയത്. തുടർന്നാണ് ലോണിൽ മോഹൻ ബഗാനിലെത്തിയത്.
‘പാലക്കാടൻ’ ബഗാൻ
11:42 PM Aug 22, 2019 | Deepika.com