ലിസ്ബണ്: തന്നെ മികച്ച താരമാക്കി മാറ്റിയതിന് പിന്നിൽ ലയണൽ മെസിക്ക് പങ്കുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസി ഒരു കിരീടം നേടുന്പോൾ അത് എന്നെ വേദനിപ്പിച്ചിരുന്നു, അതാണ് എന്റെ വിജയത്തിനു പിന്നിലും- ഒരു പോർച്ചുഗീസ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
മെസിയാണ് എന്നെ മികച്ച താരമാക്കി മാറ്റിയതെന്ന കാര്യത്തിൽ സംശയമില്ല. തിരിച്ചും അങ്ങനെത്തന്നെയാണ്. ഞങ്ങൾ തമ്മിൽ ഫുട്ബോളിലുള്ള വൈരം തന്നെയാണ് ഇരുവരുടേയും വളർച്ചയ്ക്ക് സഹായകമായത്. മെസിയുമായി ഹൃദ്യമായ പ്രഫഷണൽ ബന്ധമാണുള്ളത്. പക്ഷേ, ഇതുവരെ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടില്ല. ഭാവിയിൽ കഴിക്കുമായിരിക്കും- റൊണാൾഡോ പറഞ്ഞു.
സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ താരമായിരുന്നു റൊണാൾഡോ. റയലിന്റെ ചിരവൈരികളായ ബാഴ്സലോണയുടെ താരമാണ് ലയണൽ മെസി.
ഇല്ലായ്മ അറിഞ്ഞ് ജൂണി. റൊണാൾഡോ
കായിക ലോകത്തെ അതിസന്പന്നരിൽ ഒരാളായ പോർച്ചുഗീസ് ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ബാല്യകാല ജീവിത സാഹചര്യങ്ങളിലേക്ക് മകനെ (ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂണി.) കൂട്ടിക്കൊണ്ടുപോയി. താൻ വളർന്ന സാഹചര്യം മകനെ അദ്ഭുതപ്പെടുത്തിയെന്ന് റൊണാൾഡോ പറഞ്ഞു.
മെദീരയെ കുറിച്ചും മാർക്വസ് ഡി പൊംബലിലെ അന്നത്തെ വീടിനെപ്പറ്റിയും മകൻ കേട്ടിട്ടുണ്ട്. എന്നാൽ, ആ സാഹചര്യങ്ങൾ നേരിൽ കണ്ടിട്ടില്ലായിരുന്നു. സുഹൃത്ത് പായ്ഷാവോക്കും മകനുമൊപ്പം ഞാൻ എന്റെ പഴയ റൂമിലേക്ക് പോയി. ആ സമയത്ത് അവൻ എന്നോട് ചോദിച്ചു; പപ്പാ, നിങ്ങൾ ഇവിടെയാണോ ജീവിച്ചിരുന്നത് എന്ന്. ആ മുറി കാണുന്നത് വരെ ലോകത്ത് എല്ലാം എളുപ്പമാണെന്ന് ആയിരുന്നു അവൻ കരുതിയിരുന്നത്. വീടുകൾ, കാറുകൾ, വസ്ത്രങ്ങൾ... എല്ലാം വളരെ എളുപ്പത്തിൽ കിട്ടുമെന്നായിരുന്നു അവന്റെ വിചാരം. അവന്റെ അത്തരം ചിന്തകളെല്ലാം മാറി- റൊണാൾഡോ പറഞ്ഞു.
മികച്ച കളിക്കാരനാക്കിയത് മെസി: റൊണാൾഡോ
11:39 PM Aug 22, 2019 | Deepika.com