മുംബൈ/ആന്റ്വിഗ: വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ആക്രമണ ഭീഷണി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഒൗദ്യോഗിക മെയിലിലേക്കാണ് ഇന്ത്യൻ കളിക്കാരെ ആക്രമിക്കുമെന്ന സന്ദേശം എത്തിയത്. എന്നാൽ, ഇത് വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം ബിസിസിഐ ആണ് അറിയിച്ചത്. വിവിധ സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിലാണ് സന്ദേശം വ്യാജമാണെന്നു തെളിഞ്ഞത്.
അതേസമയം, ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ആന്റിഗ്വ സർക്കാരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെട്ടിരുന്നു. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും മുൻകരുതലെന്ന നിലയ്ക്ക് ടീമിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും ടീമിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടീമിനൊപ്പം ഒരു പൈലറ്റ് വാഹനവും അനുവദിച്ചിട്ടുണ്ട്. 22-ാം തീയതി ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്ക് മുന്നോടിയായി വിൻഡീസ് എ ടീമിനെതിരേ സന്നാഹ മത്സരത്തിലാണ് ടീം ഇന്ത്യ ഇപ്പോൾ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16-ാം തീയതി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനാണ് (പിസിബി) ഇ-മെയിൽ സന്ദേശം ലഭിച്ചത്. ടീം അംഗങ്ങൾ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം.
ഇ-മെയിൽ ലഭിച്ച ഉടൻതന്നെ പിസിബി ഇക്കാര്യം ഐസിസിയെയും ബിസിസിഐയെയും അറിയിച്ചു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെടുകയും ആന്റിഗ്വയിലെ ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വ്യാജ ഭീഷണി!
11:00 PM Aug 19, 2019 | Deepika.com