കൊച്ചി: സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം തൃശൂരിന്. പനന്പിള്ളിനഗർ സ്പോർട്സ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കോട്ടയത്തെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് തൃശൂർ കിരീടം ചൂടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയുടെ 65-ാം മിനിറ്റിൽ ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള റോഷൻ വി. ജിജി തൃശൂരിനായി ലീഡ് നേടി. അഞ്ചു മിനിറ്റിനുശേഷം ആന്റണി പൗലോസ് ലീഡുയർത്തിയതോടെ തൃശൂർ വിജയവുമുറപ്പിച്ചു.
പാലക്കാടിനെതിരായ സെമി ഫൈനലിലും റോഷൻ രണ്ടു ഗോൾ നേടിയിരുന്നു. എതിരില്ലാത്ത നാലു ഗോളിനായിരുന്നു സെമിയിൽ തൃശൂരിന്റെ വിജയം. ഇന്നലെ രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ തോൽപ്പിച്ച് ഇടുക്കി മൂന്നാം സ്ഥാനക്കാരായി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇടുക്കിയുടെ വിജയം. കളിയുടെ 29-ാം മിനിറ്റിൽ ദീപക് രാജാണ് വിജയഗോൾ നേടിയത്.
സംസ്ഥാന സീനിയർ ഫുട്ബോൾ: തൃശൂരിനു കിരീടം
12:04 AM Aug 08, 2019 | Deepika.com