ഉറുഗ്വെയുടെ മുൻ താരം ഡിയേഗോ ഫോർലാൻ പ്രഫഷണൽ ഫുട്ബോളിൽനിന്ന് വിരമിച്ചു. 21 വർഷം നീണ്ട കരിയറിൽ മൂന്ന് ഭൂഖണ്ഡങ്ങളിലായി വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ അർജന്റൈൻ ക്ലബ്ബിൽ തുടങ്ങി യൂറോപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നിവയ്ക്കായി കളിച്ച ഉറുഗ്വെൻ താരം ഹോങ്കോംഗ് ക്ലബ്ബായ കിച്ചിയുടെ താരമായിരിക്കേയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2010 ലോകകപ്പിൽ ഉറുഗ്വെയെ സെമിയിലെത്തിച്ചതിലും തൊട്ടടുത്ത വർഷം കോപ്പാ അമേരിക്ക ജേതാക്കളാക്കിയതിലും ഫോർലാന്റെ പങ്ക് ശ്രദ്ധേയമാണ്. 2010 ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ഫോർലാനായിരുന്നു.
ഉറുഗ്വെയ്ക്കായി 100 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരമായ ഫോർലാൻ ആകെ 112 മത്സരങ്ങളിൽ ദേശീയ ടീം ജഴ്സി അണിഞ്ഞു. 36 ഗോളുകളും നേടിയിട്ടുണ്ട്.
ഡിയേഗോ ഫോർലാൻ വിരമിച്ചു
12:04 AM Aug 08, 2019 | Deepika.com