മാഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറ്റവുമധികം ചർച്ചയാകുന്നത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ഗാരെത് ബെയ്ലിന്റെ സാന്നിധ്യമാണ്. സിനദീൻ സിദാൻ പരിശീലകനായി തിരിച്ചെത്തിയതു മുതൽ ബെയ്ൽ പുറത്തേക്കെന്ന വാർത്തകൾ പരന്നിരുന്നു. ഏറ്റവും ഒടുവിലായി ബ്രസീൽ താരം നെയ്മറിനായി ബെയ്ൽ റയൽ വിടുമെന്നാണ് വാർത്തകൾ പരക്കുന്നത്.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായ നെയ്മറിനെ സ്വന്തമാക്കാൻ താരത്തിന്റെ പഴയ ക്ലബ്ബായ ബാഴ്സലോണ മുന്നോട്ടുവന്നിരുന്നു. എന്നാൽ, ബാഴ്സയുടെ ഓഫർ പിഎസ്ജി നിരസിച്ചു. റയൽ മാഡ്രിഡിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് നെയ്മർ നേരത്തേ വ്യക്തമാക്കിയിരുന്നു.
റയലിൻനിന്ന് ബെയ്ൽ വൈകാതെ പോകുമെന്ന സൂചന സിദാൻതന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചു. ബെയ്ലിന്റെ ട്രാൻസ്ഫറിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നായിരുന്നു സിദാൻ പറഞ്ഞത്. ഇതിനു പിന്നാലെ ബെയ്ലിന്റെ ഏജന്റ് സിദാനെതിരേ സംസാരിക്കുകയും ചെയ്തു.
ബെയ്ലിനെ വിൽക്കാൻ ശ്രമിക്കുകയാണെന്ന് പരിശീലകൻ സിദാൻ പ്രഖ്യാപിച്ചതോടെ പല ക്ലബ്ബുകളും താരത്തിനായി ശ്രമം തുടങ്ങി. യൂറോപ്യൻ സൂപ്പർ താരങ്ങളെ വൻ വില കൊടുത്ത് കൊത്തിയെടുക്കുന്ന ചൈനീസ് സംഘങ്ങളും ബെയ്ലിനായി രംഗത്തെത്തി.
റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് ക്ലബ് ബെയിജിംഗ് ഗ്വാണ് ബെയ്ലിനായി വാഗ്ദാനം ചെയ്തിരിക്കുന്നത് ആഴ്ചയിൽ ഒരു മില്യണ് യൂറോ (7.72 കോടി രൂപ) ആണ്. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ചൈനീസ് ലീഗിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനായി ബെയ്ൽ മാറും. അതേസമയം, യൂറോപ്യൻ ക്ലബ്ബുകളും ബെയ്ലിനായി വലയെറിഞ്ഞിട്ടുണ്ട്.
നെയ്മറിനായി ബെയ്ൽ വഴി മാറുമോ?
11:35 PM Jul 22, 2019 | Deepika.com