മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിൽ മുംബൈയിൽ ഇന്നു ചേരുന്ന യോഗത്തിൽ ടീമിനെ പ്രഖ്യാപിക്കും. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയ്ക്കു തുടക്കമാകുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിനവും മൂന്നു ട്വന്റി 20യും രണ്ട് ടെസ്റ്റുമാണുള്ളത്. ട്വന്റി 20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുക.
ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പ് പല വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ സ്ഥിതിക്ക് ഇത്തവണത്തെ ടീം തെരഞ്ഞെടുപ്പിലേക്ക് ഏവരും ഉറ്റുനോക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്താതിനു പിന്നാലെ ഏകദിന ടീമിലെ മധ്യനിരയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടതുള്ളതിനാല്‍ സെലക്ടര്‍മാര്‍ക്ക് ഇന്ന് നിര്‍ണായകമാണ്. മധ്യനിരയില്‍ പുതിയ കളിക്കാരെ കണ്ടെത്താനുള്ള ചുവടെന്ന നിലയിലാകും തെരഞ്ഞടുപ്പ്.
ധോണിയില്ല; പകരം ആരൊക്കെ
പര്യടനത്തിനുണ്ടാവില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി സെലക്ടര്‍മാരെ അറിയിച്ച സ്ഥിതിക്ക് ഋഷഭ് പന്തിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. ധോണി ടെസ്റ്റില്‍നിന്നു വിരമിച്ച ശേഷം അവസരം ലഭിച്ച വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹയും വിളിയും കാത്തിരിക്കുകയാണ്. ലോകകപ്പില്‍ ലഭിച്ച അവസരങ്ങള്‍ ശരിക്കും വിനിയോഗിക്കാന്‍ കഴിയാതെ പോയ ദിനേശ് കാര്‍ത്തിക്കിന് ഇനിയൊരു അവസരംകൂടി ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
കോഹ്ലിയോ രോഹിതോ
പര്യടനത്തില്‍ മുഴുവന്‍ സമയവും ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഉണ്ടാകുമോ അതോ വിശ്രമം നല്‍കുമോയെന്ന കാര്യത്തിലും ഉറപ്പായിട്ടില്ല. കോഹ് ലിക്കു വിശ്രമം നല്കി പകരം രോഹിത് ശര്‍മയെ പര്യടനത്തില്‍ ഏകദിന, ട്വന്റി 20 മത്സരങ്ങളുടെ നായകനായി നിയമിക്കുമോയെന്നും ഇന്നറിയാം.
ആരൊക്കെയെത്തും
നാലാം നമ്പരില്‍ മികച്ചൊരു ബാറ്റ്സ്മാനില്ലാത്ത പ്രശ്നം ഇന്ത്യയെ കഴിഞ്ഞ ടൂര്‍ണമെന്റുകളിലെല്ലാം അലട്ടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിലെ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് സീനിയര്‍ ടീമില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.
ബൗളിംഗ് നിരയില്‍
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ജസ്പ്രീത്് ബുംറയ്ക്ക് പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ വിശ്രമം നല്‍കുമെന്ന് ഉറപ്പായി. മുഹമ്മദ് ഷാമിക്കും വിശ്രമം നല്കാന് സാധ്യതയുണ്ട്. ഇങ്ങനെവന്നാല്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം പുതിയ പേസര്‍മാര്‍ക്ക് അവസരം ലഭിക്കാനും സാധ്യതകളുണ്ട്. എ ടീമിനൊപ്പം കരീബിയന്‍ പര്യടനത്തില്‍ മികവ് പുറത്തെടുത്ത ഖലീല്‍ അഹമ്മദും നവ്ദീപ് സെയ്നിയും ടീമിലേക്കു വിളികാത്തിരിക്കുകയാണ്. സ്പിന്നര്‍മാരിലും പുതിയ മാറ്റങ്ങളുണ്ടായേക്കും. ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും മികവ് പുറത്തെടുത്തിരുന്നു.
മാറ്റങ്ങളുണ്ടാകുമോ?
11:55 PM Jul 20, 2019 | Deepika.com