മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ സമയവും ഉണ്ടാകുമോ, എം.എസ്. ധോണിയുടെ ഭാവി എന്താകും, നാലാം നന്പറിൽ ആരെ പരിഗണിക്കും തുടങ്ങിയ ക്രിക്കറ്റ് ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ ലഭിക്കും. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇന്നലെയായിരുന്നു ടീമിനെ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ബിസിസിഐ സെക്രട്ടറി ഇനി മുതൽ ടീം തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടെന്ന സിഒഎ തീരുമാനത്തെത്തുടർന്ന് സെലക്ഷൻ മീറ്റിംഗ് നാളത്തേക്ക് മാറ്റുകയായിരുന്നു.
മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ വിൻഡീസിൽ കളിക്കുക. വിരാട് കോഹ്ലി മുഴുവൻ സമയവും ഉണ്ടാകുമെന്നാണ് സൂചന.
വിൻഡീസ് പര്യടനം
സുപ്രധാന ടൂർണമെന്റുകൾക്കുശേഷം വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തുക ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സ്ഥിരം പരിപാടിയാണ്. 2009ൽ ഐസിസി ട്വന്റി-20 ലോകകപ്പിനു പിന്നാലെ ഇന്ത്യ വിൻഡീസ് പര്യടനം നടത്തിയിരുന്നു. 2011 ഏകദിനലോകകപ്പ് ജയത്തിനു പിന്നാലെയും ഇന്ത്യ കരീബിയൻ നാട്ടിലെത്തി. അന്ന് ഐപിഎൽ പോരാട്ടവും കഴിഞ്ഞായിരുന്നു ടീം ഇന്ത്യയുടെ യാത്ര. 2013, 2017 ചാന്പ്യൻസ് ട്രോഫി പോരാട്ടത്തിനു പിന്നാലെയും ഇന്ത്യ വിൻഡീസിൽ പര്യടനം നടത്തിയിരുന്നു. ഇപ്പോൾ 2019 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ കരീബിയൻ ദ്വീപിലേക്ക് യാത്രതിരിക്കാനൊരുങ്ങുന്നു.
ടീം നാളെ; കോഹ്ലി ഉണ്ടാകും
12:28 AM Jul 20, 2019 | Deepika.com