ന്യൂഡല്‍ഹി: 2022 ഫിഫ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളുടെ രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ ഫിക്സ്ചറായി. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. ഇന്ത്യന്‍ ടീമിനു പ്രതീക്ഷയും അതോടൊപ്പം വെല്ലുവിളിയും ഉയര്‍ത്തുന്നതാണ് ഗ്രൂപ്പ്. ഈ ഗ്രൂപ്പില്നിന്നുതന്നെയാണ് 2023 എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യതയും നിര്‍ണയിക്കുന്നത്. ക്വലാലംപുരിലെ എഎഫ്സി ഹൗസില്‍വച്ചാണ് ഗ്രൂപ്പുകള്‍ നിര്‍ണയിച്ചത്.
ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്കൊപ്പം 2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണുള്ളത്. 2022 ലോകകപ്പ് ആതിഥേയരായ ഖത്തറിന് യോഗ്യതാ റൗണ്ട് കളിക്കേണ്ടെങ്കിലും എഎഫ്സി കപ്പിനുള്ള യോഗ്യത ആവശ്യമായതിനാണ് മത്സര രംഗത്തുള്ളത്.
ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് തുടക്കമാകുന്ന യോഗ്യതാ മത്സരങ്ങള്‍ 2020 ജൂണ്‍ ഒമ്പതിന് അവസാനിക്കും. മത്സരങ്ങളെല്ലാം ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര മത്സരങ്ങളുടെ സമയങ്ങളില്‍ നടക്കും. ഹോം, എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.
എട്ട് ഗ്രൂപ്പുകളില്‍ ആദ്യ സ്ഥാനത്തെത്തുന്ന ടീമുകള്‍ ലോകകപ്പ് യോഗ്യതയിലെ മൂന്നാം റൗണ്ടിലെത്തും. കൂടാതെ ആദ്യ എട്ട് സ്ഥാനക്കാര്‍ ഏഷ്യന്‍ കപ്പിനു നേരിട്ട് യോഗ്യത നേടും. രണ്ടാം സ്ഥാനത്തെത്തുന്ന മികച്ച പോയിന്റുള്ള നാലു ടീമുകള്‍ ലോകകപ്പിന്റെ മൂന്നാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ക്കും ഏഷ്യന്‍ കപ്പിനും യോഗ്യത നേടും. മറ്റ് ടീമുകള്‍ ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളിലും പ്ലേ ഓഫ് റൗണ്ടിലും പങ്കെടുക്കും.
ഗ്രൂപ്പ് ഇയില്‍ ഖത്തര്‍, ഒമാന്‍ ടീമുകളാണ് ഇന്ത്യക്കു കൂടുതല്‍ ഭീഷണിയാകുക. 1996 സെപ്റ്റംബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യയും ഖത്തറും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 6-0ന് ഇന്ത്യ തോറ്റു. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഖത്തര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
1994 മുതല്‍ 2018 വരെയുള്ള കാലത്ത് ഇന്ത്യയും ഒമാനും ഏഴു തവണ മത്സരിച്ചു. 2018 ഡിസംബര്‍ 27ന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് അവസാനമായി ഇരുടീമും നേര്‍ക്കുനേര്‍ വന്നത്. ആ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഒരിക്കല്‍ മാത്രമേ ഇന്ത്യക്കു ഒമാനെ പരാജയപ്പെടുത്താനായിട്ടുള്ളൂ.
1994ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പിലാണ് ആ ജയം. ഏഴു മത്സരത്തില്‍ ഇന്ത്യക്കു ഒമാനോട് രണ്ടു സമനില മാത്രമേ നേടാനായുള്ളൂ. നാലു തവണ തോറ്റു.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേ ഇന്ത്യക്കു മികച്ച റിക്കാര്‍ഡാണുള്ളത്. അഫ്ഗാനെതിരേ എട്ട് കളിയില്‍ ആറു ജയം ഇന്ത്യ നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെ 28 തവണ നേരിട്ടതില്‍ 18 എണ്ണത്തില്‍ ഇന്ത്യക്കായിരുന്നു ജയം.
2022 ലോകകപ്പ് ഫുട്ബോൾ യോഗ്യത: ഇന്ത്യക്ക് ആശങ്കയും ആശ്വാസവും
12:44 AM Jul 18, 2019 | Deepika.com