1976 ജൂലൈ 18
12:44 AM Jul 18, 2019 | Deepika.com
ഒളിന്പിക്സിൽ നാദിയ കൊമനേച്ചി എന്ന ജിംനാസ്റ്റിക്സ് വിസ്മയം ലോകത്തെ അദ്ഭുതപ്പെടുത്തിയത് 1976 ജൂലൈ 18ന്. ചരിത്രത്തിലാദ്യമായി ഒരു ഒളിന്പിക്സ് മത്സരത്തിൽ തികഞ്ഞ മാർക്കായ 10 നേടി കൊമനേച്ചി സ്വർണം നേടി. പതിനഞ്ച് വയസ് മാത്രമായിരുന്നു റുമേനിയൻ താരത്തിന് അന്നുണ്ടായിരുന്നത്. “പെർഫെക്ട് ടെൻ’’ എന്നാണ് ചരിത്രം കൊമനേച്ചിയുടെ നേട്ടത്തെ വിശേഷിപ്പിച്ചത്. ആറ് തവണകൂടി അതേ ഒളിന്പിക്സിൽ പെർഫെക്ട് 10 നേടി മൂന്ന് സ്വർണംകൂടി കൊമനേച്ചി സ്വന്തമാക്കി. കരിയറിൽ ഒന്പത് ഒളിന്പിക് മെഡലും (അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം) നാല് ലോക ചാന്പ്യൻഷിപ്പ് മെഡലും (രണ്ട് സ്വർണം, രണ്ട് വെള്ളി) നാദിയ കൊമനേച്ചി സ്വന്തമാക്കിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ മികച്ച കായിക താരങ്ങളിലൊരാളായി 2000ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.