ബിര്‍മിങാം:ഒരു ലോകകപ്പിൽ ഏറ്റവും അധികം ക്യാച്ച് എടുത്തതിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്. 12 ക്യാച്ചുകളാണ് ഈ ലോകകപ്പിൽ റൂട്ടിന്റെ ഭദ്രമായ കൈകളിലെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ 11 ക്യാച്ച് എന്ന റിക്കാർഡാണ് റൂട്ട് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി ഈ ലോകകപ്പിൽ 10 ക്യാച്ചെടുത്തു. ഇവർ മൂവരുമാണ് ഒരു ലോകകപ്പിൽ പത്തോ അതിലധികമോ ക്യാച്ചെടുത്തിട്ടുള്ളവർ.
എല്ലാ ലോകകപ്പുകളിലുമായി ഏറ്റവും അധികം ക്യാച്ച് എന്ന റിക്കാർഡ് ഇപ്പോഴും പോണ്ടിംഗിന്റെ പേരിലാണ്. അഞ്ചു ലോകകപ്പുകളിലെ 46 മത്സരങ്ങളിൽ 28 ക്യാച്ചുകളാണ് പോണ്ടിംഗ് എടുത്തത്. മൊത്തം ക്യാച്ചുകളിൽ രണ്ടാം സ്ഥാനത്ത് റൂട്ടാണ്. 2015, 2019 ലോകകപ്പുകളിലെ 16 മത്സരങ്ങളിൽ 19 ക്യാച്ചാണ് റൂട്ടിന്റെ പേരിലുള്ളത്.
ലോകകപ്പിൽ ക്യാച്ചിന്റെ പേരിലുള്ള ഇന്ത്യൻ റിക്കാർഡ് അനിൽ കുംബ്ലെയും വിരാട് കോഹ് ലിയും പങ്കിടുന്നു-14 ക്യാച്ചുകൾ.
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
11:24 PM Jul 11, 2019 | Deepika.com