അ​​ദ്ഭു​​ത അ​​വി​​ഷ്ക

12:37 AM Jul 02, 2019 | Deepika.com
ചെ​​സ്റ്റ​​ർ ലെ ​​സ്ട്രീ​​റ്റ്: യു​​വ​​താ​​രം അ​​വി​​ഷ്ക ഫെ​​ർ​​ണാ​​ണ്ടോ​​യു​​ടെ ഉ​​ജ്വ​​ല സെ​​ഞ്ചു​​റി​​യു​​ടെ ക​​രു​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ 23 റൺസ് ജ​​യം.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ല​​ങ്ക​​യു​​ടെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യും (32 റ​​ണ്‍​സ്) കു​​ശാ​​ൽ പെ​​രേ​​ര​​യും (64 റ​​ണ്‍​സ്) 15.2 ഓ​​വ​​റി​​ൽ 93 റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ അ​​വി​​ഷ്ക​​യു​​ടെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​ണ് റി​​വ​​ർ​​സൈ​​ഡ് ഗ്രൗ​​ണ്ടി​​ൽ പി​​റ​​ന്ന​​ത്. 100 പ​​ന്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ താ​​രം സെ​​ഞ്ചു​​റി തി​​ക​​ച്ച​​ത്. ലോ​​ക​​ക​​പ്പി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ല​​ങ്ക​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ അ​​വി​​ഷ്ക സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ന​​ലെ സെ​​ഞ്ചു​​റി തി​​ക​​ച്ച​​പ്പോ​​ൾ 21 വ​​യ​​സും 87 ദി​​വ​​സ​​വു​​മാ​​യി​​രു​​ന്നു ല​​ങ്ക​​ൻ താ​​ര​​ത്തി​​ന്‍റെ പ്രാ​​യം.


2015 ലോ​​ക​​ക​​പ്പി​​ൽ ല​​ഹി​​രു തി​​രി​​മ​​ന്നെ കു​​റി​​ച്ച റി​​ക്കാ​​ർ​​ഡാ​​ണ് അ​​വി​​ഷ്ക മ​​റി​​ക​​ട​​ന്ന​​ത്. തി​​രി​​മ​​ന്നെ സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ 25 വ​​യ​​സും 204 ദി​​വ​​സ​​വും പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. മൂ​​ന്ന്, നാ​​ല്, അ​​ഞ്ച് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടു​​ക​​ൾ അ​​ർ​​ധ​​സെ​​ഞ്ചു​​റി ക​​ട​​ത്താ​​ൻ അ​​വി​​ഷ്ക ഫെ​​ർ​​ണാ​​ണ്ടോ​​യ്ക്കു സാ​​ധി​​ച്ചു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ കു​​ശാ​​ൽ മെ​​ൻ​​ഡി​​സി​​നൊ​​പ്പം (39 റ​​ണ്‍​സ്) 85 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് (26) അ​​വി​​ഷ്ക നാ​​ലാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 58 റ​​ണ്‍​സ് നേ​​ടി. തി​​രി​​മ​​ന്നെ​​യ്ക്കൊ​​പ്പം അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ 67 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ വി​​ൻ​​ഡീ​​സി​​ന്‍റെ മു​​ൻ​​നി​​ര ല​​സി​​ത് മ​​ലിം​​ഗ​​യ്ക്കു മു​​ന്നി​​ൽ ത​​ക​​ർ​​ന്നു. എ​ന്നാ​ൽ, നി​ക്കോ​ളാ​സ് പു​രാ​ന്‍റെ (118 റ​ണ്‍​സ്) ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ വി​ൻ​ഡീ​സ് ജ​യ​ത്തോ​ട് അ​ടു​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഫാ​ബി​യ​ൻ അ​ല​ൻ (51 റ​ണ്‍​സ്) പു​രാ​ന് മി​ക​ച്ച പി​ന്തു​ണ ന​ല്കി. പു​രാ​നെ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് പു​റ​ത്താ​ക്കി​യ​താ​ണ് ക​ളി ല​ങ്ക​യു​ടെ വ​രു​തി​യി​ലാ​ക്കി​യ​ത്.