തേഞ്ഞിപ്പലം: സംസ്ഥാന പോലീസ് കായികമേളയിൽ തുടർച്ചയായ 13-ാം തവണയും കണ്ണൂരിന് കിരീടം. 93 പോയിന്റുമായാണ് കണ്ണൂർ നാൽപ്പത്താറാമത് മേളയിൽ ചാമ്പ്യന്മാരായത്. ആതിഥേയരായ മലപ്പുറം 32 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 26 പോയിന്റ് നേടിയ പാലക്കാടിനാണ് മൂന്നാം സ്ഥാനം. 16 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്തെത്തി. ബറ്റാലിയൻ വിഭാഗത്തിൽ കെഎപി -5 ടീമാണ് ജേതാക്കൾ. 107 പോയിന്റുമായാണ് ടീം നേട്ടം ആവർത്തിച്ചത്. 80 പോയിന്റുള്ള ഐആർബിഎ രണ്ടാം സ്ഥാനത്തെത്തി.
വിജയികൾക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മാനങ്ങൾ വിതരണം ചെയ്തു. എഡിജിപി ഡോ.ബി. സന്ധ്യ, ഡിഐജിമാരായ അനൂപ് കുരുവിള ജോണ്, എസ്. സുരേന്ദ്രൻ, ഡിഐജി സേതുരാമൻ, ഐജി അശോക് യാദവ്, മലപ്പുറം എസ്പി ടി. നാരായണൻ, കോഴിക്കോട് ജില്ലാ പോലീസ് കമ്മീഷണർ ജമാലുദ്ദീൻ, കണ്ണൂർ എസ്പി പ്രതീഷ്കുമാർ എന്നിവർ പങ്കെടുത്തു. പോലീസ് ഫ്ളാഗ് അടുത്ത കായികമേളയ്ക്കായി ഡിജിപി അനൂപ് കുരുവിള ജോണിന് കൈമാറി. കാലിക്കട്ട്സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.പി. മോഹൻ, കായിക വിഭാഗം മേധാവി ഡോ.വി.പി. സക്കീർ ഹുസൈൻ എന്നിവരും സമാപനചടങ്ങിൽ സന്നിഹിതരായിരുന്നു.
പോലീസ് കായികമേള: കണ്ണൂരിന് കിരീടം
01:44 AM Jun 30, 2019 | Deepika.com