സാവൊ പോളോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീൽ ഗ്രൂപ്പ് ചാന്പ്യന്മാരായി ക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളിന് പെറുവിനെ കീഴടക്കിയാണ് ബ്രസീൽ ഫൈവ് സ്റ്റാർ ആയത്. വില്യണ്‍, ഡാനി ആൽവസ് എന്നിവരുടെ മിന്നും ഗോളുകൾ കാനറികളുടെ ജയത്തിനു തിളക്കം വർധിപ്പിച്ചു. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഗബ്രിയേൽ ജീസസിനു സാധിച്ചിരുന്നെങ്കിൽ കാനറികൾ ഗോളിൽ സിക്സർ നേടുമായിരുന്നു.
കോർണർ കിക്കിനുശേഷം പെനൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ കസെമെറിനോയുടെ ഹെഡറിലൂടെ 12-ാം മിനിറ്റിൽ ബ്രസീൽ മുന്നിലെത്തി. പെറു ഗോളിയുടെ പിഴവ് മുതലാക്കി ഫിർമിനോ (19-ാം മിനിറ്റ്) ലീഡ് ഉയർത്തി. എവേർട്ടണ്‍ (32-ാം മിനിറ്റ്), ഡാനി ആൽവസ് (53-ാം മിനിറ്റ്), വില്യണ്‍ (90-ാം മിനിറ്റ്) എന്നിവരും ബോക്സിനു പുറത്തുനിന്നുള്ള ഉജ്വല ഷോട്ടുകളിലൂടെ വല കുലുക്കിയപ്പോൾ കാനറികളുടെ ജയം 5-0 ആയി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വെനസ്വേല 3-1നു ബൊളീവിയയെ കീഴടക്കി ക്വാർട്ടറിൽ കടന്നു.
രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ചാന്പ്യന്മാരായപ്പോൾ വെനസ്വേല രണ്ട് സമനിലയും ഒരു ജയവുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടക്കാനുള്ള സാധ്യത പെറുവിനു മുന്നിൽ ശേഷിക്കുന്നുണ്ട്.
5 സ്റ്റാര്‍ ബ്രസീല്‍
12:12 AM Jun 24, 2019 | Deepika.com