ബൊലെ ഹൊറിസോന്റെ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ജയം കണ്ടെത്താനാവാതെ അര്‍ജന്റീന. ആദ്യ മത്സരത്തിലെ തോല്‍വിയില്‍നിന്നു മുക്തരാകാത്ത അര്‍ജന്റീന പരാഗ്വെയുമായി 1-1ന് സമനില വഴങ്ങി. ഇനി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാനാവൂ എന്ന അവസ്ഥയായി ലയണല്‍ മെസിക്കും കൂട്ടര്‍ക്കും. നാലാം സ്ഥാനത്താണ് അര്‍ജന്റീന. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ 1-0ന് ഖത്തറിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. പോയിന്റ് പട്ടികയില്‍ കൊളംബിയ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തും രണ്ടു പോയിന്റുമായി പരാഗ്വെ രണ്ടാമതുമാണ്.
പിന്നില്‍നിന്നശേഷമാണ് അര്‍ജന്റീന സമനിലയുമായി രക്ഷപ്പെട്ടത്. 57-ാം മിനിറ്റില്‍ മെസിയുടെ പെനല്‍റ്റിയിലാണ് അര്‍ജന്റീനയുടെ സമനില. പരാഗ്വെയുടെ ഇവാന് പെരിസിന്റെ കൈയില്‍ പന്ത് തട്ടി. ഇതിനെതിരേ കളത്തില്‍ അപ്പീലൊന്നുമുണ്ടായില്ല. എന്നാല്‍, വിഎആര്‍ കണ്ടെത്തുകയായിരുന്നു.
37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസാണ് പരാഗ്വെയെ മുന്നിലെത്തിച്ചത്. കളിതീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ഡുവാന്‍ സപാറ്റയുടെ ഗോളിലാണ് കൊളംബിയയുടെ ജയം.
അര്‍ജന്റീന രക്ഷപ്പെട്ടു
12:27 AM Jun 21, 2019 | Deepika.com