സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ചിലിക്ക് ഗംഭീര തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അധികപ്പറ്റായി മാറിക്കഴിഞ്ഞ അലക്സിസ് സാഞ്ചസ് ഗോള്‍ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത മത്സരത്തില്‍ ചിലി 4-0ന് ജപ്പാനെ തകര്‍ത്തു. അഞ്ച് മാസത്തിനിടെ സാഞ്ചസിന്റെ ആദ്യ ഗോളാണ്.
2015ലും 2016ലും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി പരിചയസമ്പത്ത് കുറഞ്ഞ ജപ്പാനെതിരേ ആദ്യ പകുതിയുടെ അവസാനമാണ് ഗോള്‍ നേടിയത്. മിഡ്ഫീല്‍ഡര്‍ എറിക് പുല്ഗറുടെ ശക്തമായ ഹെഡര്‍ വലയില്‍ കയറിയിറങ്ങി. തുടര്‍ച്ചയായ നാലാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റിലും ഗോള്‍ നേടിക്കൊണ്ട് എഡ്വേര്‍ഡോ വര്‍ഗാസ് 54-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. 82-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്നിന്നുഡൈവിംഗ് ഹെഡറിലൂടെ സാഞ്ചസ് ചിലിയുടെ മൂന്നാം ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ സാഞ്ചസിന്റെ പാസില്‍ വര്‍ഗാസ് രണ്ടാമത്തെ ഗോള്‍ നേടി.
രണ്ടാം തവണ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനു ക്ഷണം ലഭിച്ച ജപ്പാന് അടുത്ത വര്‍ഷത്തെ ഒളിമ്പിക്സ് ടൂര്‍ണമെന്റ് ലക്ഷ്യമിട്ട് യുവനിരയുമായാണു ടൂര്ണമെന്റിലെത്തിയിരിക്കുന്നത്. പരിചയസമ്പത്ത് കുറഞ്ഞ ജാപ്പനീസ് സംഘത്തിന് ചിലിയുടെ പ്രകടനത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കാണികളുടെ പിന്തുണ ധാരാളം ലഭിച്ചിട്ടും ജാപ്പനീസ് നിരയ്ക്കു ലഭിച്ച അവസരങ്ങള്‍ ഗോളാക്കാന്‍ സാധിച്ചില്ല.
1945, 1946, 1947 വരെ തുടര്‍ച്ചയായി മൂന്നു കിരീടം നേടിയ അര്‍ജന്റീനയ്ക്ക് ശേഷം തുടര്‍ച്ചയായി മൂന്നു കോപ്പ കിരീടമാണ് ചിലി ലക്ഷ്യമിടുന്നത്. 2015ലും 2016ലും അര്‍ജന്റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണു ചിലി കോപ്പയില്‍ മുത്തമിട്ടത്.
തുടക്കം മിനുക്കി ചിലി
12:45 AM Jun 19, 2019 | Deepika.com