പാരീസ്: ഫുട്ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോള്‍ താരവുമായ മിഷേല്‍ പ്ലറ്റീനിയെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം പാരീസിലാണു പ്ലറ്റീനിയെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലറ്റീനി 2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു.
ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യും. ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ പ്ലറ്റീനി അനധികൃതമായി ഇടപെട്ടെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാര്‍ട്ടാണ്. അന്ന് യുവേഫ പ്രസിഡന്റായിരുന്നു പ്ലറ്റീനി. പിന്നീട്, ഫ്രഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ പ്ലറ്റീനി ഇടപെട്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റിലേക്കു പോലീസ് നീങ്ങിയത്.
ചൈനയെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വേദി സ്വന്തമാക്കിയതിനു പിന്നില്‍ പ്ലറ്റീനിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ എഴുതിയ പുസ്തകത്തിലും കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് പ്ലറ്റീനിയോട് ഖത്തറിനുവേണ്ടി വാദിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ആരോപണമുയർന്നിരുന്നു.
ലോകകപ്പ് വേദി അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലറ്റീനി അറസ്റ്റിൽ
12:45 AM Jun 19, 2019 | Deepika.com