ബൊലൊ ഹൊറിസോന്റെ: ലൂയിസ് സുവാരസും എഡിന്‍സണ്‍ കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഉറുഗ്വെയ്ക്കു ജയം. കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് സിയില്‍ ഉറുഗ്വെ എതിരില്ലാത്ത നാലു ഗോളിന് പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കിയ ഇക്വഡോറിനെ തോല്‍പ്പിച്ചു.
ആറാം മിനിറ്റില്‍ ഉറുഗ്വെയെ നിക്കോളസ് ലൊഡേറിയോ മുന്നിലെത്തിച്ചു. 33-ാം മിനിറ്റില്‍ കവാനി ബൈസിക്കിള്‍ കിക്കിലൂടെ ഉറുഗ്വെയുടെ രണ്ടാം ഗോള്‍ നേടി. ഇടവേളയ്ക്കു പിരിയും മുമ്പ് സുവാരസ് ഉറുഗ്വെയുടെ ലീഡ് ഉയര്‍ത്തി. 78-ാം മിനിറ്റില്‍ അര്‍തുറോ മിനയുടെ സെല്‍ഫ് ഗോള്‍ ഉറുഗ്വെയ്ക്കു നാലാമത്തെ ഗോള്‍ നല്കി.
ഗ്രൂപ്പ് ബിയില്‍ രണ്ടു ഗോളിനു പിന്നില്‍നിന്ന ഖത്തര്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് പരാഗ്വെയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു. ആദ്യമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെത്തിയ ഖത്തര്‍ തോല്‍വിയിലേക്കെന്നു കരുതിയപ്പോള്‍ 77-ാം മിനിറ്റിലെ യുവന് റോഡ്രിഗോ റോഹസിന്റെ സെല്‍ഫ് ഗോളാണ് ഏഷ്യന്‍ ചാമ്പ്യന്മാര്ക്കു സമനില നല്‍കിയത്. നാലാം മിനിറ്റില്‍ ഓസ്കര് കാര്‍ഡോസോ പെനല്‍റ്റിയിലൂടെ പരാഗ്വെയെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് ലീഡ് ഉയര്‍ത്തി. കീഴടങ്ങാന്‍ തയാറാകാതിരുന്ന ഖത്തറിനായി 68-ാം മിനിറ്റില്‍ അല്‍മോസ് അലി ഒരു ഗോള്‍ മടക്കി. അടുത്തത് സെല്‍ഫ് ഗോളും വന്നതോടെ സമനിലയും പിറന്നു.
ഉറുഗ്വെയ്ക്കു തകര്‍പ്പന്‍ ജയം; ഖത്തറിനു സമനില
12:49 AM Jun 18, 2019 | Deepika.com