ബേകു (അസർബൈജാൻ): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിക്ക്. ഇംഗ്ലീഷ് ഫൈനലായിരുന്ന പോരാട്ടത്തിൽ ആഴ്സണലിനെ 4-1നു കീഴടക്കിയാണ് ചെൽസി യൂറോപ്പ കപ്പ് ചുണ്ടോടടുപ്പിച്ചത്. ഒലിവർ ഗിറു (49-ാം മിനിറ്റ്), പെഡ്രോ (60-ാം മിനിറ്റ്), എഡൻ ഹസാർഡ് (65, 72-പെനൽറ്റി) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യംകണ്ടത്.
കിരീടനേട്ടത്തിൽ പുതിയ ചരിത്രമെഴുതി സ്പാനിഷ് താരം പെഡ്രോ. യൂറോപ്പ കിരീടം നേടിയതോടെ ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രധാന കിരീടനേട്ടങ്ങളിലെല്ലാം പങ്കാളിയായതിന്റെ റിക്കാർഡ് പെഡ്രോ സ്വന്തമാക്കി. ബാഴ്സലോണ, ചെൽസി എന്നീ ക്ലബ്ബുകൾക്കും സ്പാനിഷ് ദേശീയ ടീമിനുമായാണ് പെഡ്രോ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്. കരിയറിലാകെ 25 കിരീടങ്ങളാണ് സ്പാനിഷ് താരത്തിന് അവകാശപ്പെടാനുള്ളത്.
പരിശീലക വേഷത്തിൽ അരങ്ങേറി 30-ാം വർഷത്തിൽ ഒരു പ്രധാന കിരീടത്തിലെത്താൻ ചെൽസിയുടെ മാനേജർ മൗറീസ്യോ സറിക്കും സാധിച്ചു. കോപ്പ ഇറ്റാലിക്ക സീരി ഡി മാത്രമാണ് സറിക്ക് മുന്പ് നേടാൻ സാധിച്ചത്.
യൂറോപ്പ ചെൽസിക്ക്
12:43 AM May 31, 2019 | Deepika.com