കോഴിക്കോട്: ഗോകുലം കേരള എഫ്സിയെ കീഴടക്കി ഇന്ത്യന്‍ നേവി കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. സഡണ്ഡെത്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നേവി സംഘം കിരീടത്തില്‍ മുത്തമിട്ടത് (7-6).
ആദ്യമായാണ് നാവികസേന കെപിഎല്‍ ജേതാക്കളാകുന്നത്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന കലാശ മത്സരത്തില്‍ നിശ്ചിതസമയം ഇരുടീമുകളും ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. കളിയുടെ 79-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രിട്ടോ(79) നേവിയെ മുന്നിലെത്തിച്ചു. രണ്ട് മിനിറ്റിന് ശേഷം ഖാന താരം ക്രിസ്റ്റ്യന്‍ സബയിലൂടെ(81) ഗോകുലം സമനില പിടിച്ചു.
പെനല്‍റ്റി ഷൂട്ടൗട്ടിലും (4-4) സമനിലപാലിച്ചതോടെ സഡണ്ഡൈത്തിലൂടെ ജേതാക്കളെ നിര്‍ണയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോകുലത്തിന്റെ താഹിര്‍ സമാനും നേവിയുടെ റിയാദിനും ലക്ഷ്യംകണാനായില്ല. സഡണ്‍ഡെത്തില്‍ രണ്ടാം കിക്കെടുത്ത പി. സമീലിന്റെ ഷോട്ട് പുറത്തേക്ക് പോയതോടെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന്റെ സ്വപ്നം പൊലിഞ്ഞു.
കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.എ. മേത്തര്‍, ജനസെക്രട്ടറി അനില്‍കുമാര്‍, യു. ഷറഫലി എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.
കേരള പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ നേവിക്ക്
12:25 AM May 19, 2019 | Deepika.com