വേറൊരു ടീമിലായിരുന്നെങ്കിൽ നേരത്തേതന്നെ ആദ്യ ഇലവനിൽനിന്ന് തഴയപ്പെട്ടേനെ. എന്നിൽ വിശ്വാസമർപ്പിച്ച ക്യാപ്റ്റൻ എം.എസ്. ധോണിക്കും പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗിനും നന്ദി- ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണർ ഷെയ്ൻ വാട്സന്റെ വാക്കുകളാണിത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ട്വന്റി-20 പോരാട്ടത്തിൽ സൂപ്പർ കിംഗ്സിനെ ജയത്തിലെത്തിച്ചത് വാട്സന്റെ ഷൈനിംഗ് ഇന്നിംഗ്സ് ആയിരുന്നു. 53 പന്തിൽ ആറ് സിക്സും ഒന്‍പത് ഫോറും അടക്കം 96 റണ്‍സ് അടിച്ചുകൂട്ടിയ ഓസീസ് താരമാണ് കളിയിലെ കേമൻ ആയതും.
ഈ സീസണിൽ വാട്സണ് നേടുന്ന ആദ്യ അർധസെഞ്ചുറിയാണ് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ കണ്ടത്. ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ അത്യുജ്വല ക്യാച്ചിലൂടെ ജോണി ബെയർസ്റ്റോ വാട്സണ് അർഹിച്ച സെഞ്ചുറി നിഷേധിക്കുകയായിരുന്നു. സുരേഷ് റെയ്ന 24 പന്തിൽ 38 റണ്‍സ് നേടി. സണ്‍റൈസേഴ്സ് മുന്നോട്ടുവച്ച 176 റണ്‍സ് ലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.
ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ വീണ്ടും തലപ്പത്തെത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ ജയത്തിലൂടെ ഡൽഹി ഒന്നാമതെത്തിയിരുന്നു. 11 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ചെന്നൈക്ക് 16ഉം ഡൽഹിക്ക് 14ഉം പോയിന്റ് വീതമാണുള്ളത്.
ഓപ്പണിംഗ് കൂട്ടുകെട്ട് ഫോമിലെത്താത്തതായിരുന്നു ചെന്നൈ ഈ സീസണിൽ നേരിട്ട ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ 10 ഇന്നിംഗ്സിൽനിന്നായി 147 റണ്‍സ് മാത്രമായിരുന്നു വാട്സണ് നേടിയത്. 26 പന്തിൽ 33 റണ്‍സുമായി നിൽക്കുന്പോൾ വാട്സണെ സന്ദീപ് ശർമയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ വിട്ടുകളഞ്ഞിരുന്നു. ജീവൻ തിരിച്ചുലഭിച്ചശേഷം നേരിട്ട 27 പന്തിൽ വാട്സണ് 233 സ്ട്രൈക്ക്റേറ്റിൽ 63 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
ചെന്നൈക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. വെള്ളിയാഴ്ച മുംബൈക്കെതിരേയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഷൈനിംഗ് വാട്സണ്
01:31 AM Apr 25, 2019 | Deepika.com