ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20യിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ചാം ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സണ്‍റൈസേഴ്സ് അനായാസ ജയം സ്വന്തമാക്കി. 30 പന്തുകൾ ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സിന്റെ ജയം. നൈറ്റ് റൈഡേഴ്സിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയുടെ തുടക്കം മികച്ചതായിരുന്നു. ക്രിസ് ലിനും സുനിൽ നരെയ്നും ചേർന്ന് ആദ്യ രണ്ട് ഓവറിൽ 28 റണ്‍സ് അടിച്ചെടുത്തു. നധീം എറിഞ്ഞ രണ്ടാം ഓവറിൽ 18 റണ്‍സാണ് പിറന്നത്. മൂന്നാം ഓവറിൽ ഖലീൽ അഹമ്മദിനെ തുടർച്ചയായി സിക്സും ഫോറും പറത്തിയ നരെയ്ൻ നാലാം പന്തിൽ പുറത്ത്. 2.4 ഓവറിൽ 42 റണ്‍സ് ആയിരുന്നു സ്കോർബോർഡിൽ. നരെയ്ൻ പുറത്തായതോടെ കോൽക്കത്തയുടെ കഷ്ടകാലം ആരംഭിച്ചു. മൂന്നാം നന്പറായെത്തിയ ശുഭ്മാൻ ഗില്ലും (നാല് പന്തിൽ മൂന്ന് റണ്‍സ്) ഖലീൽ അഹമ്മദിനു മുന്നിൽ കീഴടങ്ങി. നിതീഷ് റാണയ്ക്കും (11 പന്തിൽ 11 റണ്‍സ്) തിളങ്ങാനായില്ല. റോബിൻ ഉത്തപ്പയെ ഒഴിവാക്കിയാണ് നൈറ്റ് റൈഡേഴ്സ് ഇറങ്ങിയത്. ആന്ദ്രേ റസൽ (ഒന്‍പത് പന്തിൽ 15 റണ്‍സ്) സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിനായി ഓപ്പണർമാർ മിന്നും കൂട്ടുകെട്ട് സ്ഥാപിച്ചു. 100 റണ്‍സിലധികം കൂട്ടുകെട്ടുമായി ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ക്രീസിലുറച്ചതോടെ കോൽക്കത്തയുടെ വിധി നിർണയിക്കപ്പെട്ടു. വാർണറെ പൃഥ്വി രാജ് ബൗൾഡാക്കിയെങ്കിലും തുടർന്ന് വിക്കറ്റ് നഷ്ടം കൂടാതെ സണ്‍റൈസേഴ്സ് ജയത്തിലെത്തി. 12.2 ഓവറിൽ 131 റണ്‍സ് ഓപ്പണിംഗ് വിക്കറ്റിൽ ചേർത്തശേഷമാണ് വാർണർ പുറത്തായത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: 159/8 (20)
ക്രിസ് ലിൻ 51 (47)
റിങ്കു സിംഗ് 30 (25)
സുനിൽ നരെയ്ൻ 25 (8)
ഖലീൽ അഹമ്മദ്: 3/33 (4)
ഭുവനേശ്വർ കുമാർ: 2/35 (4)
റഷീദ് ഖാൻ: 1/23 (4)
സണ്‍റൈസേഴ്സ് ഹൈദരാബാദ്: 161/1 (15)
ജോണി ബെയർസ്റ്റോ 80* (43)
ഡേവിഡ് വാർണർ 67 (38)
കെയ്ൻ വില്യംസണ് 8* (9)
പൃഥ്വി രാജ്: 1/29 (3)
ആന്ദ്രേ റസൽ: 0/8 (1)
ഹാരി ഗണ്ണെ 0/16 (2)
സൂര്യതേജസ്
12:41 AM Apr 22, 2019 | Deepika.com