റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന് വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇതുവരെ നേടിയിട്ടില്ല. എന്നാല്‍, ലീഗ് ആരംഭിച്ച 2008 മുതല്‍ ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാനെന്ന പേര് കോഹ്ലിക്കു മാത്രം അവകാശപ്പെട്ടതാണ്.
5326 റണ്‍സുമായി ഐപിഎലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന പേര് കോഹ്ലിക്ക് സ്വന്തം. വെള്ളിയാഴ്ച ഈഡന് ഗാര്‍ഡന്‍സില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കോഹ്ലി അഞ്ചാമത്തെ സെഞ്ചുറി കുറിച്ചു. ഈ സെഞ്ചുറി കരുത്തില്‍ ഈ സീസണില്‍ രണ്ടാമത്തെ ജയവും നേടി. 58 പന്തില്‍നിന്ന് ഒമ്പത് ഫോറിന്റെയും നാലു സിക്സിന്റെയും അകമ്പടിയിലായിരുന്നു ഇന്ത്യന്‍ നായകന്റെ സെഞ്ചുറി. 2016നുശേഷം ഐപിഎലില്‍ കോഹ്ലിയുടെ ആദ്യ സെഞ്ചുറിയായിരുന്നു. 2016ല്‍മാത്രം കോഹ്ലി നാലു സെഞ്ചുറിയാണ് നേടിയത്. ഇനി ഒരു സെഞ്ചുറി കൂടിയുണ്ടെങ്കില്‍ ഇന്ത്യന്‍ നായകന് ആറു സെഞ്ചുറിയുമായി ഐപിഎലില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ലിനൊപ്പമെത്താം. 2016ല്‍ കോഹ്ലിയുടെ പ്രകടനമാണ് ആര്‍സിബിയെ ഫൈനല്‍ വരെയെത്തിച്ചത്.
ടീമിന്റെ നായകനെന്ന നിലയില്‍ അഞ്ചു സെഞ്ചുറി നേടിയ ഏക ബാറ്റ്സ്മാനും കോഹ്ലിയാണ്. മറ്റ് നായകന്മാര് എല്ലാവരും ചേര്‍ന്ന് ആകെ നാലു സെഞ്ചുറിയെ നേടിയിട്ടുള്ളൂ. 2011ല്‍ മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന സച്ചിന് തെണ്ടുല്‍ക്കര്‍ കൊച്ചി ടസ്കേഴ്സ് കേരളയ്ക്കെതിരേ 66 പന്തില്‍ 100 റണ്‍സ് നേടി. അതേ എഡിഷനില്‍തന്നെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന് വീരേന്ദര്‍ സെവാഗ് 56 പന്തില്‍ 119 റണ്‍സ് ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരേ നേടി. 2011ല്‍ കിംഗ്സ് ഇലവന് നായകന് ആദം ഗില്‍ക്രിസ്റ്റ് 55 പന്തില്‍ 106 റണ്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ നേടി. 2017ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ 59 പന്തില്‍ 126 റണ്‍സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നേടി.
ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ ഇറങ്ങുകയാണ്. ലീഗിലെ രണ്ടാം മത്സരം ജയിച്ചതിന്റെ ആവേശത്തില്‍ കോഹ്ലിയും കൂട്ടരുമിറങ്ങുമ്പോള് കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ വിജയം തേടിയാണ് ചെന്നൈ ഇറങ്ങുക.
സെഞ്ചൂറിയന്‍ കോഹ്ലി
11:35 PM Apr 20, 2019 | Deepika.com