ഷാര്‍ജ: പാക്കിസ്ഥാനെതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ഓസ്ട്രേലിയയ്ക്ക് എട്ടു വിക്കറ്റ് ജയം. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു മത്സരം ജയിച്ച ഓസ്ട്രേലിയ 2-0ന് മുന്നിലെത്തി. പരമ്പരയില്‍ ഫിഞ്ചിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ്. 285 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഓസീസിന് നായകന് ഫിഞ്ചിന്റെ സെഞ്ചുറി (153 നോട്ടൗട്ട്) അനായാസം ജയം നല്കി. ടോസ് നേടിയ പാക്കിസ്ഥാന് മുഹമ്മദ് റിസ്വാന് (115), ഷൊയ്ബ് മലിക് (60) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 284 റണ്‍സ് എടുത്തു.
തിരിച്ചടിക്ക് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഉസ്മാന് ഖ്വാജ-ഫിഞ്ച് കൂട്ടുകെട്ട് ഗംഭീര തുടക്കം നല്കി. 209 റണ്‍സാണ് ഈ ഓപ്പണിംഗ് സഖ്യം നേടിയത്. ഖ്വാജയെ (88) യാസിര്‍ ഷാ പുറത്താക്കി. ഇമാം ഉള് ഹഖിനായിരുന്നു ക്യാച്ച്. ഗ്ലെന്‍ മാക്സ്വെല് (19) റണ്‍ ഔട്ടായെങ്കിലും ഷോണ്‍ മാര്‍ഷുമായി (11 നോട്ടൗട്ട്) ചേര്‍ന്ന് ഫിഞ്ച് വിജയത്തിലെത്തിച്ചു. 143 പന്തില്‍ 153 റണ്‍സ് നേടിയ ഓസീസ് നായകന് 11 ഫോറും ആറു സിക്സുമാണ് പായിച്ചത്.
ഫിഞ്ചിന് രണ്ടാം സെഞ്ചുറി; ഓസീസിനു ജയം
11:09 PM Mar 25, 2019 | Deepika.com