പോര്‍ട്ടോ (പോര്‍ച്ചുഗല്‍): ഫിഫ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീല്‍ 76-ാം സ്ഥാനത്തുള്ള പാനമയെ നേരിടുമ്പോള്‍ ആരാധകര്‍ ഗോളടി മേളമാണ് പ്രതീക്ഷിച്ചത്. നെയ്മര്‍ ഇല്ലെങ്കിലും മികച്ച താരങ്ങളുമായി കളിച്ച ബ്രസീലിനെ പാനമ അന്താരാഷ് ട്ര സൗഹൃദ മത്സരത്തില്‍ 1-1ന് സമനിലയില്‍ കുരുക്കി. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ പരിശീലകനായി ടിറ്റെ സ്ഥാനമേറ്റശേഷം അവരുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു പാനമയ്ക്കെതിരേ നടത്തിയത്.
ഇതിനുമുമ്പ് ഒരിക്കല്‍പ്പോലും ബ്രസീലിനെതിരേ ഗോള്‍ നേടാത്തവരാണ് പാനമ. മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും തോറ്റ പാനമ 16 ഗോളാണ് വഴങ്ങിയത്.
നെയ്മറിനു പകരം പത്താം നമ്പര്‍ കുപ്പായത്തിലിറങ്ങിയ ലൂകാസ് പാക്വെറ്റ ബ്രസീലിനായി തന്റെ ആദ്യ ഗോള്‍ നേടി. ടിറ്റെ എസി മിലന് മിഡ്ഫീല്‍ഡര്‍ക്ക് താത്കാലികമായിട്ട് നല്കിയ ബ്രസീലിന്റെ പ്രസിദ്ധമായ പത്താം നമ്പറോട് നീതി പുലര്‍ത്തുന്ന പ്രകടനം താരം പുറത്തെടുത്തു. 30-ാം മിനിറ്റില്‍ കസേമിറോയുടെ ക്രോസ് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന പാക്വെറ്റയ്ക്ക്. പാക്വെറ്റയുടെ ഷോട്ട് വലയില്‍ തറച്ചുകയറി.
ഒരു ഗോള്‍ വഴങ്ങിയെങ്കിലും ശക്തരായ ബ്രസീലിനു മുന്നില്‍ പതറാതെ കളിച്ച പാനമ അഞ്ച് മിനിറ്റ് കഴിഞ്ഞ് ഗോള്‍ മടക്കി. എറിക് ഡേവിസിന്റെ സെറ്റ്പീസില്‍ അഡോള്‍ഡ് മാച്ചെഡോയുടെ ഹെഡര്‍ വലയില്‍ തുളച്ചുകയറി. ഈ ഗോളിന് ഓഫ് സൈഡിന്റെ ഒരു സംശയമുണ്ടായിരുന്നു.
രണ്ടാം പകുതിയില്‍ ബ്രസീല്‍ വിജയഗോളിനായി ശക്തമായി പൊരുതിക്കൊണ്ടിരുന്നു. എന്നാല്‍ ബ്രസീലിയന്‍ നീക്കങ്ങളെ മികച്ച രീതിയില്‍ ചെറുത്തുനിന്ന പാനമ സമനിലയുമായി മടങ്ങി.
ജൂണില്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്കയിലേക്ക് ഉറ്റുനോക്കുന്ന ടിറ്റെ ഒരുകൂട്ടം യുവതാരങ്ങള്‍ക്ക് അവസരം നല്കി. ചൊവ്വാഴ്ച പ്രാഗില്‍ ചെക് റിപ്പബ്ലിക്കിനെതിരേയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം.
ബ്രസീലിനെ കുരുക്കി പാനമ
12:43 AM Mar 25, 2019 | Deepika.com