മയാമി: മയാമി ഓപ്പണ്‍ ടെന്നീസില്‍നിന്ന് ലോക വനിതാ ഒന്നാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക പുറത്ത്. മൂന്നാം റൗണ്ട് മത്സരത്തില്‍ തായ്വാന്റെ ഷെ സൂ വീയോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് (4-6, 7-6 (7-4), 6-3) ലോക ഒന്നാം നമ്പര്‍ താരം തോറ്റത്. നേരത്തെ പുറത്തായതോടെ അടുത്തയാഴ്ച ഇറങ്ങുന്ന പുതിയ റാങ്കിംഗിൽ ജാപ്പനീസ് താരത്തിന്റെ ഒന്നാം റാങ്കിനു ഭീഷണി ഉണ്ട്. മറ്റൊരു മത്സരത്തില്‍ സീഡ് ചെയ്യപ്പെടാത്ത ബിയാങ്ക ആന്ഡ്രീസകു 6-4, 4-6, 6-1ന് ലോക നാലാം റാങ്ക് എയ്ഞ്ചലിക് കെര്‍ബറെ തോല്‍പ്പിച്ചു.
ഇന്ത്യന്‍ വെല്‍സിലും ബിയാങ്കയാണ് വനിത സിംഗിള്‍സ് കിരീടം നേടിയത്. കരോളിന് വോസ്നിയാസ്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 76 (7-4)ന് മോണിക്ക നിക്കോളെസ്കുവിനെ തോല്‍പ്പിച്ചു. കികി ബെര്‍ട്ടന്‍സ് 3-6, 6-0, 6-1ന് വികോറിയ കുസ്മോവയെ പരാജയപ്പെടുത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് പരിക്കിനെത്തുടര്‍ന്ന് പിന്മാറി. ഇടതു മുട്ടിനേറ്റ പരിക്കാണ് താരത്തിന്റെ പിന്മാറ്റത്തിനിടയാക്കിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ജയിച്ചപ്പോള്‍ പരിക്കിന്റെ സൂചനകളൊന്നും നല്‍കാതിരുന്ന സെറീനയുടെ പിന്മാറ്റം ഞെട്ടിക്കുന്നതായിരുന്നു.
പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ പുറത്താകലിന്റെ വക്കില്‍നിന്ന് കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു. മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ ഫെഡറര്‍ മോള്‍ഡോവയുടെ റാഡു അല്ബട്ടിനെ 4-6, 7-5, 6-3ന് പരാജയപ്പെടുത്തി. ലോക രണ്ടാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിലെത്തിയ ഡേവിഡ് ഫെററോട് 2-6, 7-5, 6-3ന് തോറ്റു. ടൂര്‍ണമെന്റിലെ 9-ാം സീഡ് മരിന് സിലിച്ചിനെ റഷ്യയുടെ ആന്ദ്രെ റൂബ് ലെവ് 6-4, 6-4ന് തോല്പിച്ചു.
ഒസാക പുറത്ത്; ഫെഡറര്‍ മുന്നോട്ട്
12:43 AM Mar 25, 2019 | Deepika.com