ബുവനോസ് ആരീസ്: 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാം എന്ന പ്രതീക്ഷയില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ശ്രമം പുനരാരംഭിച്ചു. അര്‍ജന്റീന-ഉറുഗ്വെ-പരാഗ്വെ കൂട്ടായ്മയിലേക്ക് ഇത്തവണ ചിലിയെക്കൂടി ഉള്‍പ്പെടുത്തിയാണ് രാജ്യങ്ങള്‍ രംഗത്തത്തിയിരിക്കുന്നത്.
ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയായ കോംബോളിന്റെ തലവന്‍ അലജാന്‍ഡ്രോ ഡൊമിനിഗ്സിന്റെ അധ്യക്ഷതയില്‍ ബുവനോസ് ആരീസില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ജന്റീന പ്രസിഡന്റ് മൗറിസിയോ മക്രി, ഉറുഗ്വെന്‍ പ്രസിഡന്റ് തബാരേ വാസ്ക്വസ്, പരാഗ്വെന്‍ പ്രസിഡന്റ് മരിയോ അബ്ദോ ബെനിറ്റസ്, ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര എന്നിവര്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആതിഥേയത്വം വഹിക്കുന്ന ശ്രമം പുനരാരംഭിക്കുന്നതായി കോംബോള്‍ തലവന്‍ അറിയിച്ചത്.
ആതിഥേയത്വം നേടാന്‍ ദക്ഷിണ അമേരിക്കയ്ക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് അര്‍ജന്റീന പ്രസിഡന്റ് മൗറിസിയോ മക്രി പറഞ്ഞു. അതുകൊണ്ടാണ് ഇതിനുള്ള പരിപാടികള്‍ കഴിയുന്നത്ര നേരത്തെ ആരംഭിച്ചത്. അര്‍ജന്റീനയും ഉറുഗ്വെയും ചിലിയും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1930ലെ ആദ്യ ലോകകപ്പ് ഉറുഗ്വെയിയിലായിരുന്നു. 2030 ലോകകപ്പ് നടത്തുന്നതിനായി അര്‍ജന്റീനയും ഉറുഗ്വെയും സംയുക്തമായി രംഗത്തെത്തിയിരുന്നു. അതുകഴിഞ്ഞാണ് പരാഗ്വെ ഇവര്‍ക്കൊപ്പം ചേര്‍ന്നത്. മൂന്നു രാജ്യങ്ങള്‍ക്കൊപ്പം ചിലിയും ചേരുന്നുവെന്ന് ഫെബ്രുവരിയില്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര അറിയിച്ചു. 2017ല്‍ ഒക്ടോബറില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ബുവനോസ് ആരിസിലെ സന്ദര്‍ശനവേളയില്‍ അര്‍ജന്റീന-ഉറുഗ്വെ-പരാഗ്വെ കൂട്ടായ്മ ലോകകപ്പ് നടത്തുന്നതിനായി ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വേദി നഷ്ടമായി. ദക്ഷിണ അമേരിക്കന്‍ കൂട്ടായ്മയുടെ അപേക്ഷ വിജയിക്കുകയാണെങ്കില്‍ ഒരു രാജ്യത്ത് ഉദ്ഘാടനമത്സരവും മറ്റൊരു രാജ്യത്ത് ഫൈനലുമായിരിക്കും. രണ്ടു നടക്കാത്തിടത്ത് സെമി ഫൈനലുകള്‍ മറ്റു രാജ്യങ്ങളിലുമായിരിക്കും.
1930ല്‍ ഉറുഗ്വെയും 1962ല്‍ ചിലിയും 1978ല്‍ അര്‍ജന്റീനയും ലോകകപ്പിന് ആതിഥേയരായിട്ടുണ്ട്. 2022 ലോകകപ്പില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ കോണ്‍ഗ്രസിലാണ് 2030 വേദി പ്രഖ്യാപിക്കുക.
2030 ലോകകപ്പിന് ദക്ഷിണ അമേരിക്കന്‍ കൂട്ടായ്മ
12:40 AM Mar 22, 2019 | Deepika.com