പട്യാല: 23-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ കൃഷ്ണ രചന് റിക്കാർഡ് സ്വർണം. വനിതകളുടെ പോൾവോൾട്ടിൽ 4.06 മീറ്റർ മറികടന്നാണ് കൃഷ്ണ മീറ്റ് റിക്കാർഡ് തിരുത്തി സ്വർണമണിഞ്ഞത്. 2014ൽ വി.എസ്. സുരേഖ കുറിച്ച 4.05 മീറ്റർ എന്ന ഉയരം ഇതോടെ പഴങ്കഥയായി. ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും കൃഷ്ണ സ്വന്തമാക്കി. 3.80 മീറ്റർ കണ്ടെത്തി കേരളത്തിന്റെ മരിയ ജെയ്സണ് ഈയിനത്തിൽ വെള്ളി കരസ്ഥമാക്കി. ഒരു സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്.
ലോംഗ്ജംപിൽ മുഹമ്മദ് അനീസ് യാഹിയ (7.61 മീറ്റർ) വെള്ളിയണിഞ്ഞു. ഹരിയാനയുടെ സമിത് സിംഗ് (7.70 മീറ്റർ) സ്വർണം നേടി. വനിതകളുടെ ട്രിപ്പിൾജംപിൽ എൻ.വി. ഷീന (13.05 മീറ്റർ) വെങ്കലം നേടി. ഹരിയാനയുടെ റീനുവിനാണ് (13.48 മീറ്റർ) സ്വർണം. പുരുഷന്മാരുടെ ഹൈജംപിൽ സി. ശ്രീനിഷ് വെള്ളി കരസ്ഥമാക്കി. സ്വർണം നേടിയ കർണാടകയുടെ ബി. ചേതനും ശ്രീനിഷും 2.18 മീറ്ററാണ് ക്ലിയർ ചെയ്തത്.
കൃഷ്ണ രചനു റിക്കാർഡ്
12:51 AM Mar 18, 2019 | Deepika.com