ലണ്ടൻ: ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളി. 242 നെതിരേ 391 വോട്ടുകൾക്കാണ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാർ ഇന്നലെ രാത്രി പാർലമെന്റ് തള്ളിയത്. ഇതു രണ്ടാംതവണയാണ് കരാർ പാർലമെന്റിൽ പരാജയപ്പെടുന്നത്. ഇന്നു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിൻവാങ്ങുന്ന കാര്യത്തിൽ വോട്ടിംഗ് നടക്കും. ഈ വോട്ടിലും ഗവൺമെന്റ് പക്ഷം പരാജയപ്പെടുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാൽ പ്രധാനമന്ത്രി രാജിവയ്ക്കുകയോ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടീഷ് പിന്മാറ്റം നീട്ടിവയ്ക്കുകയോ ചെയ്യേണ്ടിവരും.