ന്യൂഡൽഹി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ അപൂർവി സിംഗ് ചന്ദേലയ്ക്ക് ലോകറിക്കാർഡ് സ്വർണം. ചൈനീസ് മതിൽ തകർത്താണ് അപൂർവിയുടെ റിക്കാർഡ് നേട്ടം. രണ്ട് ചൈനീസ് താരങ്ങളുമായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയായിരുന്നു അപൂർവി സ്വർണത്തിലേക്ക് വെടിമുഴക്കിയത്. ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് അപൂർവിയുടെ സ്വർണ നേട്ടം. ഇതോടെ 2020 ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യതയും ഇന്ത്യൻ താരം കരസ്ഥമാക്കി. സ്വന്തം കാണികളുടെ മുന്നിൽ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് അപൂർവിയിലൂടെ എത്തിയത്.
252.9 പോയിന്റ് നേടിയാണ് ഇരുപത്താറുകാരിയായ അപൂർവി ലോക റിക്കാർഡ് സ്വന്തം പേരിലാക്കിയത്. 251.8 പോയിന്റ് നേടിയ ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 230.4 പോയിന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കലം കരസ്ഥമാക്കി. സാവോയുടെ പേരിലുണ്ടായിരുന്ന 252.4 ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
2018 കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി 10 മീറ്റർ എയർ റൈഫിളിൽ അപൂർവി വെങ്കലം നേടിയിരുന്നു. എലിമിനേഷൻ ഷോട്ട്സിലെ അവസാന പത്ത് ശ്രമത്തിലും ഇന്ത്യൻ താരം 10.5ൽ താഴേക്ക് പോയില്ലെന്നതും ആവേശം വാനോളമെത്തിച്ചു.
ചൈനീസ് മതിൽ കടന്ന അപൂർവി...
12:19 AM Feb 24, 2019 | Deepika.com