ന്യൂഡൽഹി: മിന്നലാക്രമണ ഹീറോയും കരസേനയുടെ മുൻ നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷയ്ക്കുള്ള ദൗത്യ സംഘത്തിനു കോൺഗ്രസ് രൂപം നല്കും. 2016 സെപ്റ്റംബറിൽ പാക് അധീന കാഷ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന്റെ മുഖ്യ ശില്പി ലഫ്. ജനറൽ ഡി.എസ്. ഹൂഡയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ഹൂഡയും കൂടിക്കാഴ്ച നടത്തി. ഹൂഡയുടെ നേതൃത്വത്തിലുള്ള സമിതി വിദഗ്ധരുമായി ചർച്ച നടത്തി ദേശീയ സുരക്ഷ സംബന്ധിച്ച് മാർഗരേഖ തയാറാക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.