ആലുവ: പതിനെട്ടാമത് സംസ്ഥാനതല ഇന്റര്‍ ക്ലബ് ചാമ്പ്യന്‍സ് ട്രോഫി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാകും. ആലുവ ജീവസ് ഇൻഡോർ സ്റ്റേഡിയത്തിൽ 24 വരെയാണ് മത്സരങ്ങൾ. നാളെ വൈകുന്നേരം അഞ്ചിന് അൻവർ സാദത്ത് എംഎൽഎ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. പുരുഷ-വനിത വിഭാഗങ്ങളിലായി 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.
ഉദ്ഘാടന ദിവസം വൈകുന്നേരം 5.30 ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് റോഷൻസ് സെവൻസ്റ്റാർ ക്ലബ്ബിനെ നേരിടും. ഏഴിന് കോട്ടയം കെഇ കോളജ് ഇടുക്കി മരിയൻ കോളജുമായി ഏറ്റുമുട്ടും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ജേതാക്കളാകുന്ന ടീമുകൾ അടുത്തമാസം നടക്കുന്ന ഫെഡറേഷന് കപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.
കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷൻ, കാർമൽ ബാസ്ക്കറ്റ് ബോൾ ക്ലബ്, മുൻകാല കളിക്കാരുടെ ടീം റീബൗണ്ട്, റീജണൽ സ്പോർട്സ് സെന്റർ എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ രാജഗിരി ജീവസ് സ്കൂൾ ഡയറക്ടർ ഫാ. ജിജോ കടവൻ, ജെയ്സൺ പീറ്റർ, ജെൻസൺ പീറ്റർ, സെബി വി. ബാസ്റ്റിൻ, തോമസ് ചാക്കോ, സന്തോഷ് സേവ്യർ, ഷൈൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
ഇന്റര്‍ ക്ലബ് ചാമ്പ്യന്‍സ് ട്രോഫി ബാസ്കറ്റ്ബോള്‍ നാളെ മുതല്‍
12:41 AM Feb 19, 2019 | Deepika.com