189 പോയിന്റുമായാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. 93പോയിന്റോടെ കര്‍ണാടകം രണ്ടാം സ്ഥാനവും 87 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് 85 പോയിന്റും പെണ്‍കുട്ടികളില്‍ 104 പോയിന്റുമാണ് കേരളത്തിന്റെ സമ്പാദ്യം. ആണ്‍കുട്ടികളില്‍ 57 പോയിന്റുള്ള കര്‍ണാടകയാണ് രണ്ടാമത്. 40 പോയിന്റുള്ള ഹരിയാന മൂന്നാമതും.
കിരീടം നിലനിര്‍ത്താനിറങ്ങിയ കേരളത്തിന് ആദ്യ ദിനം മുതല്‍ കര്‍ണാടകയുടെ ശക്തമായ വെല്ലുവിളിയാണ് കേരളത്തിനു നേരിടേണ്ടിവന്നത്. എന്നാല്‍ രണ്ടാം ദിനം ചാമ്പ്യന്മാര്ക്കു ചേര്‍ന്ന പോരാട്ടം നടത്തിയ കേരളം പോയിന്റ് നിലയില്‍ മുന്നിലെത്തി. കേരളത്തിനൊപ്പമെത്താനായി കര്‍ണാടകയും ഹരിയാനയും അവസാന ദിനം ശ്രമിച്ചെങ്കിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ നില കൈവിടാതെ ഒന്നാം സ്ഥാനക്കാരായി.
അവസാന ദിനം കേരളം ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമാണ് നേടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിനായിരുന്നു.
സ്വര്‍ണവും വെള്ളിയും
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഷദാനിലൂടെയാണ് കേരളം അവസാന ദിവസത്തെ സ്വര്‍ണം നേടിയത്. 53.30 സെക്കന്‍ഡിലായിരുന്നു മുഹമ്മദ് ഷദാന്‍ ഫിനിഷ് ചെയ്തത്. ഇതേയിനത്തില്അനന്തു വിജയന് 53.42 സെക്കന്‍ഡില്‍ വെള്ളി നേടി.
വെള്ളിമാത്രം
800 മീറ്റര്‍ ഓട്ടത്തിലായിരുന്നു കേരളത്തിന്റെ മറ്റൊരു വെള്ളി. ആദര്‍ശ് ഗോപിയാണ് വെള്ളി നേടിയത്. 1.56.58 സെക്കന്‍ഡിലാണ് ആദര്‍ശ് ഫിനിഷ് ചെയ്തത്. ആദര്‍ശിന്റെ രണ്ടാം മെഡലാണ്. 1500 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് സ്വര്‍ണം നേടിയരുന്നു. 800 മീറ്ററില്‍ ഡല്‍ഹിയുടെ അന്ഷിനാണ് സ്വര്‍ണം 1.56:39 സെക്കന്‍ഡിലാണ് ഡല്‍ഹി താരം സ്വര്‍ണത്തിലെത്തിയത്.
അവസാന ദിവസത്തെ അവസാന ഇനമായ 400x4 മീറ്റര്‍ റിലേയില്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അനന്തു വിജയന്, മുഹമ്മദ് സെയ്ഫ്, നന്ദു മോഹന്‍, എം. ജോയല്‍ എ്ന്നിവരാണ് ടീമിലുണ്ടായിരുന്നത്. 3:18.70 സെക്കന്‍ഡിലാണ് കേരളം ഫിനിഷിംഗ് ലൈന്‍ കടന്നത്. 3:18.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹരിയാനയ്ക്കാണ് സ്വര്‍ണം. വെങ്കലം തമിഴ്നാട് നേടി.