ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബിസിസിഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി (സിഒഎ) മുന്‍പാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്.
"മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബിസിസിഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്കാന് ഞാന്‍ നിര്‍ദേശിക്കുകയാണ് ‘’ സിഒഎയ്ക്ക് അയച്ച കത്തില്‍ ഖന്ന വ്യക്തമാക്കി.
ഐപിഎല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ പൂര്‍ണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്. ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കില്‍ സിഒഎയുടെ അനുമതി ആവശ്യമാണ്.
ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തിലും ഐപിഎലിലെ ആദ്യ മത്സരത്തിലും രണ്ടു മിനിറ്റ് മൗനമാചരിക്കണമെന്ന് ഖന്ന പറഞ്ഞു. 24നാണ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കു തുടക്കമാകുന്നത്. ഐപിഎലിന് മാര്‍ച്ച് 23നും തുടക്കമാകും.
നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദര്‍ഭ തങ്ങളുടെ സമ്മാനത്തുക പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചിരുന്നു.
ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു കോടി നല്‍കണം
12:53 AM Feb 18, 2019 | Deepika.com