കൊച്ചി: അവസാന സെറ്റിലെ തകർപ്പൻ ജയത്തോടെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പ്രോ വോളി ലീഗ് പ്ലേ ഓഫിൽ. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സ്പാർട്ടൻസിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് തോല്പിച്ചാണ് കൊച്ചി പ്ലേ ഓഫിൽ കടന്നത്. കൊച്ചിയുടെ ആന്ദ്രേ പദുക്കാണ് കളിയിലെ താരം. സ്കോർ: 12-15, 10-15, 15-11, 15-13, 15-10. ചെന്നൈയുടെ അഖിനാണ് ആദ്യസെറ്റിൽ പോയിന്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ഡേവിഡ് ലീയിലൂടെ കൊച്ചി തിരിച്ചടിച്ചു. എന്നാൽ, വ്യക്തമായ മുൻതൂക്കമായിരുന്നു ചെന്നൈ സെറ്റിൽ ഉടനീളം കാഴ്ചവച്ചത്. ഇടയ്ക്ക് രണ്ട് തവണ കൊച്ചിയുടെ താരങ്ങൾ വരുത്തിയ പിഴവും ചെന്നൈക്ക് തുണയായി. കളിക്കളത്തിൽ നിലയുറപ്പിക്കാനാവാതെ പതറുന്ന കൊച്ചിയെയായിരുന്നു ആരാധകർ ആദ്യസെറ്റിൽ കണ്ടത്.
രണ്ടാം സെറ്റിൽ റൂഡി വെർ ഹോഫിലൂടെ ചെന്നൈ ആദ്യപോയിന്റ് നേടി. പിന്നാലെ പ്രഭാകരനിലൂടെ കൊച്ചി തിരിച്ചടിച്ചു. രണ്ട് സൂപ്പർപോയിന്റുകളും ചെന്നൈക്ക് അനുകൂലമായതോടെ സ്കോർ 07-12ൽ എത്തിച്ചു. പിന്നാലെ സൂപ്പർ സെർവിലൂടെ കൊച്ചി തങ്ങളുടെ സ്കോർ ഒൻപതിൽ എത്തിച്ചെങ്കിലും നവീൻ രാജിലൂടെ തുടർച്ചയായി രണ്ട് പോയിന്റുകൾ നേടി ചെന്നൈ സ്കോർ 14ൽ എത്തിച്ചു. രസലിന്റെ സെർവിലൂടെ ചെന്നൈ രണ്ടാം സെറ്റും സ്വന്തമാക്കി. പക്ഷെ പിന്നിട് കൊച്ചിയുടെ ജൈത്രയാത്രയായിരുന്നു. മൂന്നാം സെറ്റ് 14-10 എന്നനിലയിലെത്തിച്ച് പ്രഭാകരന്റെ മികച്ച ഒരു ഷോട്ടിലൂടെ സ്വന്തമാക്കി.
നാലം സെറ്റിൽ കൊച്ചിയാണു പോയിന്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. റൂഡി, അഖിൻ, നവീൻ എന്നിവരിലൂടെ തിരിച്ചുവരാൻ ചെന്നൈ ശ്രമിച്ചെങ്കിലും കൊച്ചി നാലാം സെറ്റും സ്വന്തമാക്കി. അതോടെ അഞ്ചാം സെറ്റ് അവേശഭരിതമായി. അഞ്ചാം സെറ്റിൽ സ്കോർ 12-06ൽ നിൽക്കവേ തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി ചെന്നൈ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മുജീബ്, ഡേവിഡ് ലീ, പ്രവീണ് കുമാർ എന്നിവരിലൂടെ കൊച്ചി സെറ്റും മത്സരവും വിജയിച്ചു.
കൊച്ചി പ്ലേ ഓഫിൽ
11:34 PM Feb 11, 2019 | Deepika.com