ചെന്നൈ: ദേശീയ ബധിര കായികമേളയിൽ അത്ലറ്റിക്സ് ഓവറോൾ കിരീടം ഉറപ്പിച്ച് കേരളം. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനടക്കുന്ന അത്ലറ്റിക്സ് പോരാട്ടത്തിൽ 167 പോയിന്റുമായാണ് കേരളം കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തമിഴ്നാടിന് 102 പോയിന്റേയുള്ളൂ. നീർപ്പാറ സ്കൂളിലെ ചുണക്കുട്ടികൾ കേരളത്തിന്റെ അക്കൗണ്ടിൽ ഇതുവരെ അഞ്ച് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും വ്യക്തിഗത ഇനങ്ങളിൽ എത്തിച്ചു. വനിതാ വോളിയിൽ ഇന്നലെ കേരളം വെള്ളി നേടി.
ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ നീർപ്പാറ സ്കൂളിലെ കാർത്തിക സ്വർണവും ദീക്ഷിത വെള്ളിയും നേടി ഇരട്ട മെഡൽ കേരള അക്കൗണ്ടിലെത്തിച്ചു. 400 മീറ്റർ സബ് ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്ററിൽ ആൻസി ബേബി വെള്ളി സ്വന്തമാക്കി. ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ മോസസ് ജയിംസ് സ്വർണത്തിൽ മുത്തമിട്ടു. 4x100 മീറ്റർ സീനിയർ ആണ്‍കുട്ടികളുടെ റിലേയിൽ സ്വർണം നേടിയ കേരളം ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വെള്ളിയണിഞ്ഞു. 4x100 മീറ്റർ സീനിയർ-ജൂണിയർ പെണ്‍കുട്ടികളുടെ റിലേകളിൽ കേരളം സ്വർണത്തിൽ മുത്തമിട്ടു.
സീനിയർ ആണ്‍കുട്ടികളുടെ 1500 മീറ്ററിൽ ശിവദാസനും ജൂണിയർ ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ ആൽഫ മാർട്ടിനും സ്വർണം കരസ്ഥമാക്കി.
ദേശീയ ബധിര കായികമേള: കിരീടം ഉറപ്പിച്ച് കേരളം
11:08 PM Jan 29, 2019 | Deepika.com