തിരുവനന്തപുരം: ഇന്ത്യൻ യുവത്വം ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികളും ഏറ്റുമുട്ടുന്പോൾ കളി കാര്യമാകും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ലയണ്‍സും ഇന്ത്യ എ ടീമും ആദ്യ ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങും. അഞ്ച് ഏദകിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് രാവിലെ ഒൻപതിനാണ് തുടങ്ങുക. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ മണിക്കൂറുകളോളം നെറ്റ്സ് പ്രാക്ടീസ് നടത്തി.
രാവിലെ ഒൻപതിന് ഇന്ത്യൻ എ ടീം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് പരിശീലനത്തിനെത്തിയത്. 12 മണിവരെ നെറ്റ് പ്രാക്ടീസ് നടത്തിയ ടീമിനൊപ്പം മുഴുവൻ സമയവും കോച്ച് രാഹുൽ ദ്രാവിഡ് ഗ്രൗണ്ടിലുണ്ടായിരുന്നു. സ്റ്റേഡിയത്തെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ ഫുൾ മാർക്കാണ് നല്‍കിയത്. ഐസിസി 2018 ലെ മികച്ച അന്താരാഷ്ട്ര താരമായി തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആശംസ നേരാനും രഹാനെ മറന്നില്ല.
യുവതാരങ്ങളുടെ പ്രകടനം നേരിൽ കണ്ട് വിലയിരുത്താൻ ഇരുരാജ്യങ്ങളുടെയും സെലക്ടർമാർ കാര്യവട്ടത്ത് എത്തിയിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള ചവിട്ടുപടിയായാണ് ഈ ഏദദിന മത്സരങ്ങൾ. താൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് സീനിയർ ടീമിലേക്കുളള പ്രധാന വാതിലായാണ് ഈ പരന്പരയെ കാണുന്നതെന്നു രഹാനെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
തോമസ് വർഗീസ്
സീനിയർ ടിക്കറ്റിനായി യുവതാരങ്ങൾ
12:32 AM Jan 23, 2019 | Deepika.com