തിങ്കളാഴ്ച വൈകുന്നേരം ഇംഗ്ലീഷ് ചാനലിനു മുകളിൽവച്ച് അപ്രത്യക്ഷമായ ചെറുവിമാനത്തിൽ അർജന്റൈൻ ഫുട്ബോൾ താരമായ എമിലിയാനോ സല ഉണ്ടായിരുന്നെന്ന് ഫ്രഞ്ച് വ്യോമയാന അധികൃതർ അറിയിച്ചു. ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇരുപത്തെട്ടുകാരനായ മുന്നേറ്റ നിരത്താരം.
ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ നാന്റസിസിൽനിന്ന് സലയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ കാർഡിഫ് സിറ്റി 138 കോടി രൂപയ്ക്ക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരുന്നു ഇത്. തുടർന്ന് ഫ്രാൻസിലേക്ക് പോയ സല അവിടെനിന്ന് തിരിച്ച് ഇംഗ്ലണ്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. കാണാതായ ചെറുവിമാനത്തിൽ സലയ്ക്കൊപ്പം വിമാനത്തിന്റെ പൈലറ്റുമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
നാന്റസിനായി ഈ സീസണിൽ ഇതുവരെ 13 ഗോളുകൾ നേടിയ താരമാണ് സല. നാല് സീസണ് നാന്റസിനായി കളിച്ച സല 130 മത്സരങ്ങളിൽനിന്ന് 48 ഗോൾ നേടിയിട്ടുണ്ട്.
കാണാതായ വിമാനത്തിൽ അർജന്റൈൻ താരം
12:32 AM Jan 23, 2019 | Deepika.com