ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ പുറത്തിറങ്ങിയ റാങ്കിംഗ് പ്രകാരമാണിത്. ടെസ്റ്റ് ടീം റാങ്കിൽ 116 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 110 പോയിന്റാണ്. ഇംഗ്ലണ്ട് (108 പോയിന്റ്), ന്യൂസിലൻഡ് (107 പോയിന്റ്), ഓസ്ട്രേലിയ (101 പോയിന്റ്) എന്നിവയാണ് ആദ്യ അഞ്ചിലുള്ള ടീമുകൾ.
ബാറ്റിംഗ് റാങ്കിൽ 922 പോയിന്റുമായി വിരാട് കോഹ്ലി ഒന്നിൽ തുടരുന്നു. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (897 പോയിന്റ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം റാങ്കിലുള്ള ചേതേശ്വർ പൂജാര മാത്രമാണ് പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഋഷഭ് പന്ത് 17-ാം സ്ഥാത്തുണ്ട്. പന്തിന്റെ കരിയറിലെ മികച്ച റാങ്കിംഗാണിത്.
ബൗളിംഗിൽ അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന റാങ്കിലുള്ളത്. ആർ. അശ്വിൻ (ഒന്പത്) ആണ് ആദ്യ പത്തിലുള്ള മറ്റൊരു താരം. പേസർ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 15ൽ എത്തി.
ഇന്ത്യ, കോഹ്ലി ഒന്നിൽ
12:28 AM Jan 22, 2019 | Deepika.com