ബാഴ്സലോണയ്ക്കായി ഗോളടിച്ചുകൂട്ടി ഉറുഗ്വെൻ താരം ലൂയിസ് സുവാരസ്. സ്പാനിഷ് ലാ ലിഗയിൽ ലെഗാനസിനെതിരേ ഗോൾ നേടിയതോടെ സുവാരസ്, ബാഴ്സയ്ക്കായി ഏറ്റവും അധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തി. 223 മത്സരങ്ങളിൽനിന്ന് 167 ഗോളുകളാണ് താരം ബാഴ്സയുടെ ജഴ്സിയിൽ ഇതുവരെ നേടിയത്. 1930-40ൽ ബാഴ്സയുടെ താരമായിരുന്ന ജോസെപ് എസ്കോളയ്ക്കൊപ്പമെത്തി ഉറുഗ്വെൻ താരം. 2014ൽ ലിവർപൂളിൽനിന്നാണ് സുവാരസ് ബാഴ്സലോണയിലെത്തിയത്.
577 ഗോൾ നേടിയ അർജന്റീനയുടെ ലയണൽ മെസിയാണ് പട്ടികയിൽ ഒന്നാമത്. 232 ഗോളുമായി സ്പാനിഷ് മുൻ താരമായ സെസർ റോഡ്രിഗസ് അൽവാരെസാണ് രണ്ടാമത്. 1939 മുതൽ 1955വരെയായിരുന്നു സെസർ ബാഴ്സയ്ക്കായി കളിച്ചത്. ലാസ് ലോ കുബാല (1951-61) 194ഉം ജോസഫ് സമിതീർ (1919-32) 184ഉം ഗോളുമായി മൂന്നും നാലാം സ്ഥാനങ്ങളിലുണ്ട്. ബാഴ്സലോണയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് സുവാരസിന്റെ നേട്ടത്തെക്കുറിച്ച് റിപ്പോർട്ട് വന്നത്.
ഗോളടിച്ചുകൂട്ടി ലൂയിസ് സുവാരസ് മുന്നേറുന്നു
12:28 AM Jan 22, 2019 | Deepika.com