ജൊഹാനസ്ബർഗ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ റിക്കാർഡ് തകർത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. അതിവേഗത്തിൽ 27 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കുന്ന താരം എന്ന നേട്ടമാണ് അംല സ്വന്തം പേരിൽ എഴുതിയത്. പാക്കിസ്ഥാനെതിരേ പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അംലയുടെ നേട്ടം.
167-ാം ഇന്നിംഗ്സിലാണ് മുപ്പത്തൊന്നുകാരനായ അംല 27-ാം സെഞ്ചുറി കുറിക്കുന്നത്. വിരാട് കോഹ്ലിക്ക് ഈ നേട്ടത്തിൽ എത്താൻ 169 ഇന്നിംഗ്സുകൾ വേണ്ടിവന്നു. കോഹ്ലിക്കു മുന്‍പ് സച്ചിൻ തെണ്ടുൽക്കറായിരുന്നു ഈ നേട്ടം സ്വന്തമാക്കിവച്ചിരുന്നത്. 254 ഇന്നിംഗ്സുകളിൽനിന്നായിരുന്നു സച്ചിന്റെ നേട്ടം. ഈ നേട്ടം 2017-ൽ പൂനയിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തിൽ കോഹ്ലി മറികടന്നു.
അംല സെഞ്ചുറി നേടിയെങ്കിലും ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 267 റണ്‍സ് ലക്ഷ്യം പാക്കിസ്ഥാൻ അഞ്ചു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
സച്ചിനെ മറികടന്ന കോഹ്ലിയെയും പിന്നിലാക്കി അംല; സെഞ്ചുറിയിൽ റിക്കാർഡ്
02:31 PM Jan 20, 2019 | Deepika.com