മുംബൈ: 2018 എം.എസ്. ധോണിക്ക് അത്ര സുഖകരമായ വർഷമല്ലായിരുന്നു. എന്നാൽ, 2019ന്റെ തുടക്കംതന്നെ ധോണി കാര്യങ്ങൾ തന്റെ വരുതിയിലാക്കിക്കഴിഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരന്പരയിൽ തുടർച്ചയായ മൂന്ന് അർധസെഞ്ചുറി നേടി ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച ധോണി പുതിയ നേട്ടത്തിൽ. ഓസീസ് ഇതിഹാസതാരമായ ഡോണ്‍ ബ്രാഡ്മാന്റെ കരിയർ ശരാശരിയെ അനുസ്മരിപ്പിക്കുന്ന ചേസിംഗ് ശരാശരിയാണ് ധോണിക്കിപ്പോൾ. ഏകദിനത്തിൽ വിജയകരമായി ചേസ് ചെയ്ത മത്സരങ്ങളിലെ ബാറ്റിംഗ് ശരാശരിയിൽ ഒന്നാമനാണ് മഹേന്ദ്ര സിംഗ് ധോണി.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 87 റണ്‍സ് നേടി പുറത്താകാതെ നിന്ന് ടീമിനെ ജയിപ്പിച്ച പ്രകടനത്തോടെയാണ് ധോണി ഒന്നാമനായത്. 73 മത്സരങ്ങളിൽ 103.07 എന്ന ഞെട്ടിക്കുന്ന ശരാശരിയിൽ 2783 റണ്‍സാണ് ഇന്ത്യ പിന്തുടർന്ന് ജയം നേടിയ മത്സരങ്ങളിൽ ധോണിയുടെ ബാറ്റിൽനിന്ന് പിറന്നത്. നൂറിൽ അധികം ശരാശരിയിലെത്തിയതോടെയാണ് ബ്രാഡ്മാനുമായി ധോണിയെ താരതമ്യപ്പെടുത്തി വാഴ്ത്താൻ തുടങ്ങിയത്. ചേസിംഗിലെ ബ്രാഡ്മാനെന്നാണ് ധോണിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.
പിന്തുടർന്നുള്ള ഏകദിന ജയത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റിക്കാർഡാണ് ധോണി മറികടന്നത്. ഇന്ത്യ പിന്തുടർന്ന് ജയം നേടിയ 78 മത്സരങ്ങളിൽ 97.98 ആണ് കോഹ്ലിയുടെ ശരാശരി. 21 സെഞ്ചുറിയും 4899 റണ്‍സും കോഹ്ലി സ്വന്തമാക്കിയിട്ടുമുണ്ട്.
ചേസിംഗ് ജയത്തിലെ മികച്ച ശരാശരി
(ഏകദിനം- ചുരുങ്ങിയത് 1000 റണ്‍സ്)
താരം, ടീം, ഇന്നിംഗ്സ്, റണ്‍സ്, ശരാശരി, സെഞ്ചുറി എന്ന ക്രമത്തിൽ
എം.എസ്. ധോണി ഇന്ത്യ 73 2783 103.07 2
വിരാട് കോഹ്ലി ഇന്ത്യ 78 4899 97.98 21
മൈക്കിൾ ബെവൻ ഓസ്ട്രേലിയ 45 1725 86.25 3
ഡിവില്യേഴ്സ് ദക്ഷിണാഫ്രിക്ക 59 2566 82.77 5
ജോ റൂട്ട് ഇംഗ്ലണ്ട് 34 1556 77.80 4
മൈക്കിൾ ക്ലാർക്ക് ഓസ്ട്രേലിയ 53 2142 73.86 3
ബ്രാഡ്മാനെ അനുസ്മരിപ്പിച്ച് ധോണി
11:20 PM Jan 19, 2019 | Deepika.com